നരേന്ദ്ര മോദി, ആര്യയുടെ കത്ത് Source: X
SOCIAL

"മോദി ജീ, റോഡ് തീരെ പോരാ, സ്കൂളിലെത്താൻ വൈകുന്നു! പ്ലീസ് ഹെൽപ്പ്"; വൈറലായി അഞ്ചുവയസുകാരിയുടെ കത്ത്

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കാണ് കത്തിൻ്റെ പ്രധാന ഉള്ളടക്കം

Author : ന്യൂസ് ഡെസ്ക്

അഞ്ചാം വയസിൽ നമ്മളെല്ലാം അമ്മയ്ക്കും അച്ഛനുമായിരിക്കും കത്തെഴുതിയിരിക്കുക. എന്നാൽ ബെംഗളൂരുവിൽ നിന്നുള്ള ആര്യ എന്ന എൽകെജി വിദ്യാർഥി കത്തെഴുതിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. അതും ഇന്ത്യയിൽ പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു കത്ത്. എന്തായാലും ആ കുഞ്ഞ് കത്ത് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.

'നരേന്ദ്ര മോദി ജീ' എന്ന് അഭിസംബോധന ചെയ്താണ് ആര്യയുടെ കത്ത് ആരംഭിക്കുന്നത്. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കാണ് കത്തിൻ്റെ പ്രധാന ഉള്ളടക്കം. നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കും, റോഡിൻ്റെ ശോചനീയാവസ്ഥയും പരിഹരിക്കണമെന്ന് കുഞ്ഞ് കത്തിൽ അഭ്യർഥിക്കുന്നുണ്ട്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും സ്കൂളിൽ എത്താൻ വൈകുന്നുണ്ടെന്നും വളരെ നിഷ്കളങ്കമായ രീതിയിൽ ആര്യ എന്ന കൊച്ചു പെൺകുട്ടി വിശദീകരിച്ചു.

ആര്യയുടെ അച്ഛൻ അഭിരൂപ് ചാറ്റർജിയാണ് കത്തിൻ്റെ ചിത്രം എക്സിൽ പങ്കുവെച്ചത്. "പ്രധാനമന്ത്രി ബാംഗ്ലൂർ സന്ദർശിക്കുന്നു. എന്റെ അഞ്ചുവയസ്സുള്ള മകൾ, ഇതിനെ ഗതാഗതം ശരിയാക്കാനുള്ള അവസരമായി കാണുന്നു," ഇങ്ങനെ കുറിച്ചായിരുന്നു അഭിരൂപ് പോസ്റ്റ് പങ്കുവെച്ചത്.

ഓഗസ്റ്റ് 10-ന് എഴുതിയ കുഞ്ഞു കത്തിൽ ആര്യ എഴുതിയത് ഇങ്ങനെയാണ്

"നരേന്ദ്ര മോദി ജി,

ഇവിടെ ഭയങ്കര ഗതാഗതക്കുരുക്കുണ്ട്.

ഞങ്ങൾ സ്കൂളിലേക്കും ഓഫീസിലേക്കും വൈകിയാണെത്തുന്നത്.

റോഡിൻ്റെ അവസ്ഥ വളരെ മോശമാണ്.

പ്ലീസ് ഹെൽപ്പ്."

കത്തിൽ ആര്യ തൻ്റെ പേര്, വയസ്സ് എന്നിവയ്ക്ക് പുറമെ മുടി പിന്നിയിട്ട കുട്ടിയുടെ ചിത്രവും വരച്ചുചേർത്തിട്ടുണ്ട്. ഇതിനോടൊപ്പം ഒരു ഹൃദയം, പൂവ്, കുറച്ച് ആകൃതികൾ എന്നിവയുടെ മനോഹരമായ ഡ്രോയിംഗുകളുമുണ്ട്.

ആര്യയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലാണ്. ആറ് ലക്ഷത്തിലധികം ആളുകളാണ് പോസ്റ്റ് ഇതുവരെ കണ്ടത്. പലരും ആ കൊച്ചു പെൺകുട്ടിയുടെ ശ്രമത്തെ പ്രശംസിച്ചു. അഭ്യർഥന ലളിതമായിരുന്നെങ്കിലും, സ്കൂൾ കുട്ടികൾ മുതൽ പ്രൊഫഷണലുകൾ വരെ എല്ലാവരെയും ബെംഗളൂരുവിലെ ഗതാഗതകുരുക്ക് ബാധിക്കുന്നുവെന്നും അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ഓർമ്മിപ്പിക്കുകയാണ് ആര്യയുടെ കത്ത്.

SCROLL FOR NEXT