
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹനിശ്ചയം ബുധനാഴ്ച മുംബൈയിലെ സ്വകാര്യ ചടങ്ങിൽ നടന്നതായി റിപ്പോർട്ട്. അർജുൻ ടെണ്ടുൽക്കറുടെയും സാനിയ ചന്ദോക്കിന്റെയും കുടുംബങ്ങൾ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
എൻഡിടിവിയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. സച്ചിൻ്റെ മകൻ എന്നതിലുപരി യുവ ക്രിക്കറ്ററായ അർജുൻ തന്റെ സ്വകാര്യ ജീവിതത്തിൽ ഒരു പ്രധാന ചുവടുവയ്പ്പ് നടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിട്ടുണ്ട്. സച്ചിൻ്റെ മരുമകളാകാൻ പോകുന്ന സാനിയ ചന്ദോക്ക് ആരാണ് എന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്.
മുംബൈയിലെ പ്രശസ്ത സംരംഭകനായ രവി ഘായിയുടെ ചെറുമകളാണ് സാനിയ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിലെ സേവനങ്ങൾക്ക് ഗായ് കുടുംബം പ്രശസ്തമാണ്. ഇൻ്റർകോണ്ടിനെൻ്റൽ ഹോട്ടലിൻ്റേയും ബ്രൂക്ലിൻ ക്രീമറിയുടെയും ഉടമകളാണ് അവർ. ലണ്ടൻ സ്‌കൂളിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദമെടുത്ത സാനിയ ചന്ദോക്ക് 'മിസ്റ്റർ പോവ്‌സ്' എന്ന പെറ്റ് സലോണിന്റെ സ്ഥാപികയാണ്.
അർജുനും സാനിയയും വളരെ സ്വകാര്യമായാണ് വിവാഹനിശ്ചയം നടത്തിയതെന്നും, അതിനാൽ ഇരുവശത്തു നിന്നുമുള്ള അടുത്ത സുഹൃത്തുക്കളും കുടുംബങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ രഞ്ജി ട്രോഫിയിൽ ഗോവയുടെ താരമാണ് അർജുൻ. മികച്ച പേസ് ബൗളറായ അർജുൻ വളർന്നുവരുന്നൊരു ഓൾറൗണ്ടർ കൂടിയാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്.