അമ്മ ഗിരിജാ വാര്യർക്ക് സർപ്രൈസുമായി മഞ്ജു Source: Facebook/ Manju Warrier
SOCIAL

"എൻ്റെ എപ്പോഴത്തെയും സൂപ്പർ സ്റ്റാർ!" അമ്മയ്ക്ക് മഞ്ജു വാര്യരുടെ സർപ്രൈസ് സമ്മാനം

എഴുത്തുകാരി, ചിത്രകാരി, നർത്തകി എന്നീ നിലകളില്‍ പ്രശസ്തയാണ് മഞ്ജുവിന്റെ അമ്മ ഗിരിജാ വാര്യർ

Author : ന്യൂസ് ഡെസ്ക്

ഗിരിജാ വാര്യർ, നടി മഞ്ജു വാര്യരുടെ അമ്മ എന്ന നിലയിലാണ് മലയാളിയുടെ മനസിലേക്ക് ഈ പേരെത്തുക. എന്നാല്‍, എഴുത്തുകാരി, ചിത്രകാരി, നർത്തകി എന്നീ നിലകളില്‍ കൂടി പ്രശസ്തയാണ് ഗിരിജ.

പ്രായം മറന്ന് തന്റെ സ്വപ്നങ്ങളെ പിന്തുടർന്ന ഗിരിജാ വാര്യർ ഏതാനും വർഷങ്ങള്‍ക്ക് മുന്‍പ് കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് തന്റെ കഴിവ് തെളിയിച്ചു. പിന്നാലെ മോഹിനിയാട്ട വേദിയിലും നമ്മള്‍ അവരെ കണ്ടു. അടുത്തിടെയാണ് 'നിലാവെട്ടം' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചത്.

ബഹുമുഖ പ്രതിഭയായ അമ്മയ്ക്ക് ഒരു സർപ്രൈസ് നല്‍കിയിരിക്കുകയാണ് മഞ്ജു വാര്യർ. അമ്മയുടെ അക്ഷരങ്ങളുള്ള 51 വർഷം പഴക്കമുള്ള രണ്ട് പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ സമ്മാനിച്ചാണ് മഞ്ജു അമ്മയെ ഞെട്ടിച്ചത്. 'ദുഃഖിതയുടെ മുഖം', 'ചെമന്ന നൂലിഴ' എന്നീ ചെറുകഥകള്‍ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പുകളാണ് അമ്മയ്ക്ക് നടി സമ്മാനിച്ചത്. ആ ദൃശ്യങ്ങള്‍ താരം ഫേസ്ബുക്കില്‍ പങ്കും വെച്ചു.

മാതൃഭൂമി ആഴ്ചപ്പതിപ്പുകളില്‍ ഗിരിജാ വാര്യരുടെ കഥകള്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നത് 'പോക്കുവെയിലിലെ കുതിരകള്‍' എന്ന തന്റെ പുസ്കത്തില്‍ സത്യന്‍ അന്തിക്കാട് എഴുതിയിട്ടുണ്ട്. ഗൃഹലക്ഷ്മിയില്‍ എഴുതിയിരുന്ന ഗിരിജയുടെ 'നിലാവെട്ടം' എന്ന ഓർമക്കുറിപ്പുകള്‍ സമാഹരിച്ച പുസ്തകത്തിന്റെ അവതാരികയിലും ഇക്കാര്യം സംവിധായകന്‍ ഓർമിപ്പിക്കുന്നു.

"ഞങ്ങളൊക്കെ മാതൃഭൂമിയുടെ ബാലപംക്തിയിലെങ്കിലും ഒരു കഥയോ കവിതയോ പ്രസിദ്ധീകരിക്കണമെന്ന് കൊതിച്ചുനടന്ന കാലത്താണ് ഗിരിജാ വാര്യരുടെ കഥകള്‍ ആഴ്ചപ്പതിപ്പില്‍ വന്നിരുന്നത്. ഗൃഹലക്ഷ്മി കിട്ടിയാല്‍ ആദ്യം വായിക്കുക ഗിരിജ വാര്യരുടെ കോളമാണെന്ന് ഇപ്പോള്‍ പലരും പറയാറുണ്ട്. പതിരില്ലാത്ത എഴുത്താണ് അതിനു കാരണം. ഒരു കാപട്യവുമില്ലാത്ത ഭാഷ. നമ്മളും ഈ വഴിയിലൂടെയാണല്ലോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍. വീട്ടുകോലായിലിരുന്ന് ഗിരിജാ വാര്യര്‍ നമ്മളോട് നേരിട്ട് സംസാരിക്കുകയാണെന്നേ തോന്നൂ. അതുതന്നെയാണ് നിലാവെട്ടത്തിന്റെ ഭംഗിയും പ്രത്യേകതയും എന്നാണ് സത്യന്‍ അന്തിക്കാട് പുസ്തകത്തിനെപ്പറ്റി എഴുതിയത്.

SCROLL FOR NEXT