ഏഴ് മാസം മുൻപാണ് ഇയാൾ കമ്പനിയിൽ ജൂനിയർ ഡാറ്റ സയൻ്റിസ്റ്റായി ജോലിക്ക് കയറിയത് Source: Pexels
SOCIAL

"അയാൾ സാത്താനാണ്!"; ഗൂഗിൾ മീറ്റിനിടെ ബോസിൻ്റെ അലർച്ച കേട്ട് യുവാവ് കുഴഞ്ഞുവീണു

"അമ്മ തൊട്ടടുത്ത മുറിയിൽ നിന്ന് ബഹളം കേട്ട് ഉടൻ തന്നെ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി...." ജീവനക്കാരൻ ഓർത്തെടുക്കുന്നു

Author : ന്യൂസ് ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഇടക്കിടെ ചർച്ചയാകുന്ന വിഷയമാണ് ഇന്ത്യയിലെ ടോക്സിക് വർക്ക് കൾച്ചർ. ജോലി സ്ഥലത്തുണ്ടായ അനുഭവങ്ങൾ പലരും പങ്കുവെക്കുന്നതോടെയാണ് ചർച്ച ചൂടുപിടിക്കുന്നത്. ബെംഗളൂരുവിലെ ഒരു യുവാവിൻ്റെ ദുരനുഭവമാണ് അടുത്തിടെ റെഡ്ഡിറ്റിൽ വൈറലായത്. ബോസിൻ്റെ ബോസിൻ്റെ അലർച്ച കേട്ട് ആശുപത്രിയിലായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു സ്റ്റാർട്ടപ്പ് കമ്പനിയിൽ ജൂനിയർ ഡാറ്റാ സയന്റിസ്റ്റായി ജോലി ചെയ്യുന്ന യുവാവ്.

ഏഴ് മാസം മുൻപാണ് ഇയാൾ കമ്പനിയിൽ ജൂനിയർ ഡാറ്റ സയൻ്റിസ്റ്റായി ജോലിക്ക് കയറിയത്. ഇടക്കിടെ ചേരുന്ന ഗൂഗിൾ മീറ്റിൽ സിഇഒ വളരെ ദേഷ്യത്തോടെ സംസാരിക്കാറുണ്ടായിരുന്നെന്ന് യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഒരു ദിവസം മീറ്റിങ്ങിൽ സിഇഒ അലറി വിളിച്ചതോടെ കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ പോകേണ്ടി വന്നെന്നും യുവാവ് കുറിച്ചു.

"ബെംഗളൂരുവിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിയിൽ ഏഴ് മാസത്തോളം നിരന്തരമായ മാനസിക പീഡനത്തെ അതിജീവിച്ചു. കമ്പനിയിലെ നോൺ-ടെക് സിഇഒ അപ്രായോഗികമായ സമയപരിധികൾ നിശ്ചയിക്കുകയും നിരന്തരം അലറിവിളിച്ച് ചീത്ത പറയുകയും ചെയ്തിരുന്നു. ഒടുവിൽ ഒരു ഗൂഗിൾ മീറ്റിനിടെ ഞാൻ പൂർണമായി തകർന്നുപോയി. ശ്വാസംമുട്ടി കുഴഞ്ഞുവീണു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാൻ രാജിവച്ചതിനുശേഷവും കമ്പനിയും എച്ച്ആറും റെഡ്ഡിറ്റ് പോസ്റ്റുകളിലൂടെപ്രതികാര മനോഭാവം തുടർന്നു, " പോസ്റ്റിൽ പറയുന്നു.

ഒരു വീഡിയോ കോൾ മീറ്റിംഗിനിടെ ബോസ് യുവാവിനെ ചോദ്യം ചെയ്യാൻ തുടങ്ങി. തുടർന്നാണ് ഇയാൾ കുഴഞ്ഞുവീണത്. "എന്റെ നെഞ്ച് വലിഞ്ഞു മുറുകാൻ തുടങ്ങി, വായു കിട്ടാതെ ബുദ്ധിമുട്ടാൻ തുടങ്ങി, ഞാൻ എന്റെ കസേരയിൽ താഴെ വീണു. ദൈവത്തിന് നന്ദി, ബഹളം കേട്ട് ഉടനെ എന്റെ അമ്മ തൊട്ടടുത്ത മുറിയിൽ നിന്നെത്തി എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി," ജീവനക്കാരൻ പങ്കുവെച്ചു.

സിഇഒ എന്നല്ല അയാളെ സാത്താൻ എന്നാണ് വിളിക്കേണ്ടതെന്നും യുവാവ് കുറിച്ചു. "അയാൾക്ക് സാങ്കേതിക പശ്ചാത്തലം ഒന്നുമില്ല. എന്നാലും ഡാറ്റാ സയൻ്റിസ്റ്റാണെന്നാണ് അയാൾ സ്വയം വിശ്വസിക്കുന്നത്. തുടർച്ചയായി 12-14 മണിക്കൂർ ജോലി ചെയ്യേണ്ടി വന്നിരുന്നു. ഒരിക്കൽ പോലും അയാൾ ഒരു നല്ല വാക്ക് പറഞ്ഞിരുന്നില്ല. നിരന്തരം വിമർശനങ്ങളും കുറ്റപ്പെടുത്തലും മാത്രമായിരുന്നു,"- യുവാവിൻ്റെ കുറിപ്പിൽ പറയുന്നു

നിരവധി ഉപയോക്താക്കളാണ് യുവാവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. “അടുത്തിടെ ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും ഭയാനകമായ കാര്യമാണിത്. അത്തരം സിഇഒമാർക്കെതിരെ കേസെടുക്കണം. ഏഴ് മാസം മുഴുവൻ നിങ്ങൾ ഇത് എങ്ങനെ സഹിച്ചുവെന്ന് എനിക്കറിയില്ല. ഒരു ഉപയോക്താവ് എഴുതി," ഒരു ഉപയോക്താവ് കുറിച്ചു. യുവാവ് രാജിവെച്ചത് മികച്ച തീരുമാനമാണെന്നും, നല്ല ജോലിസ്ഥലം ലഭിക്കട്ടെയെന്നും മറ്റൊരു ഉപയോക്താവ് ആശംസിച്ചു.

SCROLL FOR NEXT