ലോകകപ്പിൽ ഗോളടിച്ച് കൂട്ടുന്ന എംബാപ്പേക്ക് ഇപ്പോൾ മറ്റൊരു പേര് കൂടി നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ, 'ദി ഡിക്റ്റേറ്റർ'. സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് എംബാപ്പെയുടെ മീം. മിലിറ്ററി യൂണിഫോം ധരിച്ച് നിൽക്കുന്ന കിലിയൻ എംബാപ്പെ, മിലിറ്ററി ജനറലിനെപ്പോലെ ആജ്ഞ നൽകുമ്പോൾ അനുസരിക്കുന്ന സഹതാരങ്ങളും റഫറിമാരും, എംബാപ്പയെ കണ്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേൽക്കുന്ന റീലുകൾ എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ തരംഗമാണ് എംബാപ്പെ മീമുകൾ.
കിലിയൻ ഡിക്റ്റേറ്റർ പാട്ടും കൂടി ചേർന്നതോടെ ആരാധകർ എംബാപ്പെയെ ഏറ്റെടുത്തു. കളിക്കളത്തിലെ രംഗങ്ങളിൽ എംബാപ്പെ നിർദേശങ്ങൾ നൽകുന്നതും ചിരിക്കുന്നതും വരെ പട്ടാള ജനറലിനോട് സാമ്യമായി പ്രചരിക്കുകയാണ്. ഫ്രാൻസിനോട് തോൽക്കുമ്പോഴും എംബാപ്പെയുടെ ചിത്രം പിടിച്ച് നിൽക്കുന്ന മൊറോക്കോ ആരാധകർ വരെയുണ്ട്.
എംബാപ്പെയുടെ ശരീര ഭാഷ ഡിക്റ്റേറ്റർക്ക് സമാനമാണെന്നാണ് ആരാധകരുടെ പക്ഷം. മത്സരം കഴിഞ്ഞ് തിരിച്ചെത്തുന്ന എംബാപ്പെയെ പരിശീലകൻ ദെഷാംസ് സ്വീകരിക്കുന്നതും സമാനമായി പ്രചരിക്കുന്നു. എംബാപ്പെയെ അനുകരിച്ച് സ്റ്റേഡിയത്തിലെത്തുന്നവരുമുണ്ട്.
എംബാപ്പെയെ പ്രകോപിപ്പിക്കാൻ എതിർ ടീമിലെ ആരാധകരും ഈ മീം ഉപയോഗിക്കുന്നുണ്ട്. വ്ളാഡിമിർ പുടിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും കിങ് ജോങ് ഉന്നിൻ്റെയും കൂടെ നിൽക്കുന്ന ചിത്രവും വൈറലാണ്. കളിക്കളത്തിലെന്ന പോലെ കളത്തിന് പുറത്തും താരമാവുകയാണ് ഫ്രഞ്ച് നായകൻ.