'Never-Ending' World Cruise Abruptly Shuts Down: Passengers Given 7 Hours to Disembark in Cambodia Over Soaring Fuel Costs News Malayalam 24x7
SOCIAL

ജീവിതകാലം മുഴുവൻ കടലിൽ രാജകീയ ജീവിതമെന്ന വാഗ്ദാനം; ആഡംബര കപ്പൽ യാത്ര പാതിവഴിയിൽ പൂട്ടി; കോടികള്‍ മുടക്കിയ യാത്രക്കാരെ കംബോഡിയയിൽ ഇറക്കിവിട്ടു

അമേരിക്കയിലെ ഫ്ലോറിഡ ആസ്ഥാനമായ വില്ലാ വീ റെസിഡൻസസ് എന്ന കമ്പനിയാണ് കംബോഡിയൻ സമുദ്രാതിർത്തിയിൽ വെച്ച് പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

കംബോഡിയ: വിരമിക്കൽ കാലം ആഡംബരത്തോടെ കടലിൽ ചിലവഴിക്കാമെന്നും ഒരിക്കലും അവസാനിക്കാത്ത ലോക പര്യടനത്തിൽ പങ്കാളികളാകാമെന്നും വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങിയ 'വില്ലാ വീ ഒഡീസി'എന്ന ആഡംബര റെസിഡൻഷ്യൽ ക്രൂയിസ് കപ്പൽ സർവീസ്നിർത്തിവെച്ചു . സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന നൂറുകണക്കിന് യാത്രക്കാരോട് ഏഴ് മണിക്കൂറിനകം ബാഗുകൾ പാക്ക് ചെയ്ത് കംബോഡിയൻ തീരത്ത് ഇറങ്ങിപ്പോകാൻ നിർദ്ദേശിച്ചതോടെ പ്രായമായ യാത്രക്കാരുൾപ്പെടെയുള്ള വിനോദസഞ്ചാരികൾ അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി എന്നാണ് വാര്‍ത്ത.

അമേരിക്കയിലെ ഫ്ലോറിഡ ആസ്ഥാനമായ വില്ലാ വീ റെസിഡൻസസ് എന്ന കമ്പനിയാണ് കംബോഡിയൻ സമുദ്രാതിർത്തിയിൽ വെച്ച് പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. കപ്പലിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ച് എത്തിയവരോട് ഏകദേശം ഒരു കോടി രൂപ മുതൽ 3.7 കോടി രൂപ വരെ ഈടാക്കിയാണ് കമ്പനി കാബിനുകൾ വിറ്റിരുന്നത്. തങ്ങളുടെ ആയുഷ്കാല സമ്പാദ്യം മുഴുവൻ നിക്ഷേപിച്ച് സ്ഥിരമായി കപ്പലിൽ ജീവിക്കാനെത്തിയ വിരമിച്ച ആളുകളുടെ സ്വപ്നങ്ങളാണ് ഈ അപ്രതീക്ഷിത തീരുമാനത്തോടെ തകർന്നടിഞ്ഞത്.

ഒക്ടോബർ 26-ന് രാവിലെ 7:08-ന് കമ്പനി സിഇഒ കാത്തി വില്ലാബ അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി കപ്പലിൽ നിന്ന് പുറത്തുപോകണമെന്ന് യാത്രക്കാരെ അറിയിച്ചത്. "തുടർയാത്രയ്ക്ക് ആവശ്യമായ ഇന്ധനം ശേഖരിക്കാൻ കമ്പനിക്ക് സാധിക്കാത്തതിനാൽ കപ്പലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തുകയാണ്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി എല്ലാ യാത്രക്കാരും കപ്പലിൽ നിന്ന് ഇറങ്ങണം" എന്നായിരുന്നു സന്ദേശം.

പെട്ടെന്നുള്ള ഈ പുറത്താക്കലിൽ ഒരു മാപ്പുപോലും പറയാൻ കമ്പനി തയ്യാറായില്ലെന്ന് കപ്പലിലെ യാത്രക്കാരനും ബ്ലോഗറുമായ റാൻഡി കാസിംഗ്ഹാം കുറ്റപ്പെടുത്തി. യുഎസ്-ഇറാൻ യുദ്ധവും പശ്ചിമേഷ്യൻ പ്രതിസന്ധിയും കാരണം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ-കപ്പൽ ഇന്ധന വില കുതിച്ചുയർന്നതാണ് സർവീസ് പൂട്ടാൻ കാരണമെന്നാണ് കമ്പനിയുടെ ന്യായീകരണം. മുൻപ് ഒരു കാബിന് പ്രതിമാസം ശരാശരി 1,800 ഡോളറായിരുന്ന ഇന്ധനച്ചെലവ് നിലവിൽ ഏഷ്യൻ തീരങ്ങളിൽ 6,000 മുതൽ 8,000 ഡോളർ വരെയായി വർദ്ധിച്ചുവെന്നും, വൻ സാമ്പത്തിക നഷ്ടം സഹിച്ച് യാത്ര തുടരാനാവില്ലെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്ധനം ലാഭിക്കാനായി കപ്പലിന്റെ വേഗത കുറയ്ക്കുകയും കൂടുതൽ സമയം തുറമുഖങ്ങളിൽ നങ്കൂരമിടുകയും ചെയ്തെങ്കിലും നഷ്ടം നികത്താനായില്ലെന്ന് കമ്പനി പറയുന്നു. വിദേശ രാജ്യത്തെ തീരത്ത് പെട്ടെന്ന് വഴിമുട്ടിപ്പോയ യാത്രക്കാർക്ക് താൽക്കാലിക താമസസൗകര്യങ്ങൾ ഏർപ്പാടാക്കാൻ ശ്രമിക്കുകയാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, വിരമിക്കൽ ജീവിതം സുരക്ഷിതമാക്കാൻ എത്തിയവർക്ക് ഇത് തീരാദുരിതമായി മാറിയിരിക്കുകയാണ്.

SCROLL FOR NEXT