
അറബിക്കടലില്‍ എം.എസ്.സി എല്‍സ3 കപ്പലപകടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം കപ്പല്‍ കമ്പനികളില്‍ നിന്നും ഈടാക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് ചെലവായ തുകയുടെ കണക്ക് അറിയിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
അഴീക്കലില്‍ പുറംകടലില്‍ വീണ്ടുമൊരു കപ്പല്‍ അപകടം കൂടി നടന്നതോടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്. ഈ അപകടം കൂടി കേസിന്റെ ഭാഗമാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇത്തരം അപകടങ്ങളില്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ അപകടങ്ങള്‍ വര്‍ധിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സിവില്‍ ക്രമിനല്‍ നടപടികള്‍ സ്വീകരിക്കണം. അപകടത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കണം. പണം പൊതു ഖജനാവില്‍ നിന്ന് ചിലവാക്കരുത്. പകരം കപ്പല്‍ കമ്പനികളില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേരള തീരത്തിന്റെ പ്രാധാന്യവും നിലവിലെ അപകടങ്ങള്‍ വരുത്തി വെച്ച കനത്ത പരിസ്ഥിതി ആഘാതവും കണക്കിലെടുക്കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ കപ്പല്‍ അപകടം സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കായി വെബ്‌സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിക്ക് സമര്‍പിച്ചു. ഹര്‍ജി വീണ്ടും 19 ന് പരിഗണിക്കാന്‍ മാറ്റി.