Screengrab
SOCIAL

സ്വര്‍ണം, പണം, ഭൂമി; ഒന്നാം പിറന്നാളിന് കുഞ്ഞിന് ലഭിച്ച സമ്മാനങ്ങള്‍

മുതിർന്നവർ ജീവിതകാലം മുഴുവൻ ശ്രമിച്ചിട്ടും നേടാനാകാത്തത് ആദ്യ പിറന്നാളിന് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ഞ്

Author : ന്യൂസ് ഡെസ്ക്

ഒന്നാം പിറന്നാളിന് ഒരു കുഞ്ഞിന് എന്തൊക്കെയാകും സമ്മാനം ലഭിക്കുക? ഹൈവേക്ക് സമീപം കണ്ണായ സ്ഥലത്ത് ഭൂമി, 11 ലക്ഷം രൂപ, സ്വര്‍ണമാല, അരക്കിലോ വെള്ളി... ഇങ്ങനെയൊക്കെ ആര്‍ക്കെങ്കിലും ഒന്നാം പിറന്നാളിന് പോയിട്ട് ഏതെങ്കിലും പിറന്നാളിന് ലഭിച്ചിട്ടുണ്ടോ?

എന്നാല്‍ കിട്ടിയിട്ടുണ്ട്, ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള ശിവായ് എന്ന കുഞ്ഞിനാണ് ഒന്നാം പിറന്നാളിന് ഈ കണ്ട സമ്മാനങ്ങളൊക്കെ ബന്ധുക്കള്‍ നല്‍കിയത്. കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

മുതിര്‍ന്ന മനുഷ്യര്‍ ജീവിത കാലം മുഴുവന്‍ ശ്രമിച്ചിട്ടും നേടാനാകാത്തതാണ് കുഞ്ഞിന് ഒരു വയസ്സില്‍ തന്നെ ലഭിച്ചത് എന്നാണ് കമന്റുകള്‍. കുഞ്ഞിന്റെ മഹാഭാഗ്യമാണിതെന്നും ചിലര്‍ പറയുന്നു.

ഒന്നാം പിറന്നാളിന് ബന്ധുക്കള്‍ നല്‍കിയ സമ്മാനങ്ങള്‍ എന്തൊക്കെയാണെന്ന് വിളിച്ചു പറയുന്ന ചടങ്ങുണ്ടായിരുന്നു. ഇതിന്റെ വീഡിയോ കുഞ്ഞിന്റെ അമ്മാവനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സാധാരണ നിലയില്‍ തുടങ്ങിയ പരിപാടി സമ്മാനങ്ങളുടെ ആധിക്യം കാരണം വമ്പന്‍ പരിപാടിയായി മാറുകയായിരുന്നു.

അലിഗഡ്-ആഗ്ര ഹൈവേയിലാണ് കുഞ്ഞിന് ഭൂമി ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ, 11 ലക്ഷം രൂപ, 20 ഗ്രാമിന്റെ സ്വര്‍ണമാല, അരക്കിലോ വെള്ളി പാത്രങ്ങള്‍, വെള്ളി ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയ്‌ക്കൊപ്പം കുഞ്ഞിന് കളിപ്പാട്ടങ്ങള്‍ നല്‍കാനും ബന്ധുക്കള്‍ മറന്നിട്ടില്ല.

കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും കൈ നിറയെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. 35 ഗ്രാമിന്റെ സ്വര്‍ണമാലയ്‌ക്കൊപ്പം ആഭരണങ്ങളും അമ്മയ്ക്ക് ലഭിച്ചു. ഇതുകൂടാതെ 101 സാരികളും 101 വസ്ത്രങ്ങളും ലഭിച്ചു. എന്തായാലും ഒരു വയസുകാരന്‍ ശിവായ്‌യുടെ ഒന്നാം പിറന്നാള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

SCROLL FOR NEXT