പെറ്റ ഇന്ത്യയുടെ വീഗനിസത്തെ പ്രമോട്ട് ചെയ്യുന്ന ബിൽബോർഡ് Source: PETA India
SOCIAL

"പട്ടിയുടെ പാൽ കുടിക്കുന്നത് നിങ്ങൾക്ക് അരോചകമെങ്കിൽ..."; പെറ്റ ഇന്ത്യയുടെ പരസ്യബോർഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

നിങ്ങൾക്ക് പട്ടിയുടെ പാൽ കുടിക്കുന്നത് അരോചകമായി തോന്നുന്നുവെങ്കിൽ പിന്നെങ്ങനെയാണ് മറ്റ് മൃഗങ്ങളുടെ പാൽ കുടിക്കാനാകുക എന്ന സന്ദേശം അടങ്ങിയതാണ് പെറ്റ ഇന്ത്യയുടെ ബിൽബോർഡ്

Author : ന്യൂസ് ഡെസ്ക്

ലോക ക്ഷീരദിനത്തോട് അനുബന്ധിച്ച് മൃഗ അവകാശ സംരക്ഷണ സംഘടനയായ പെറ്റ പുറത്തിറക്കിയ പരസ്യ ബോർഡ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വീഗനിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായായിരുന്നു പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യയുടെ പുതിയ പരസ്യബോർഡ്. പെറ്റ ഇന്ത്യ മുംബൈയിലും മറ്റ് നഗരങ്ങളിലുമാണ് ഇത്തരത്തിൽ വ്യത്യസ്തവും പ്രകോപനപരവുമായ ബിൽബോർഡുകൾ സ്ഥാപിച്ചത്.

നിങ്ങൾക്ക് പട്ടിയുടെ പാൽ കുടിക്കുന്നത് അരോചകമായി തോന്നുന്നുവെങ്കിൽ പിന്നെങ്ങനെയാണ് മറ്റ് മൃഗങ്ങളുടെ പാൽ കുടിക്കാനാകുക എന്ന സന്ദേശം അടങ്ങിയതാണ് പെറ്റ ഇന്ത്യയുടെ ബിൽബോർഡ്. പരസ്യത്തിൽ ഒരു സത്രീ പട്ടിയെ എടുത്തുകൊണ്ട് അതിൻ്റെ പാൽ കുടിക്കുന്ന ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പീഷീസിസം (ചില ജീവികളെ മറ്റുള്ളവയെക്കാൾ അനുകൂലിക്കുന്ന പക്ഷപാതം) വെല്ലുവിളിക്കുന്ന തരത്തിലാണ് പെറ്റയുടെ പോസ്റ്റർ.

അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, നോയിഡ തുടങ്ങി നിരവധി പ്രധാന നഗരങ്ങളിൽ ബിൽബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് പെറ്റ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. പശുക്കളെയും എരുമകളെയും ബലമായി ഗർഭം ധരിപ്പിക്കുന്നതും, അവയുടെ കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്നതും, കുഞ്ഞുങ്ങൾക്കുള്ള പാൽ കുടിക്കുന്നതും സ്വാഭാവികമല്ല. പട്ടികളുടെ പാൽ കുടിക്കുന്നത് വെറുപ്പുള്ള ആളുകൾ, മറ്റൊരു മൃഗത്തിന്റെ പാൽ കുടിച്ച് സസ്യാഹാരിയാകുന്നത് സ്വീകാര്യമാണെന്ന് കരുതുന്നതിനെ ചോദ്യം ചെയ്യുന്നതാണ് ബിൽബോർഡെന്ന് പെറ്റ കുറിപ്പിൽ പറയുന്നു.

പെറ്റ പോസ്റ്റർ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു. "പാലുൽപാദനം ക്രൂരതയിൽ വേരൂന്നിയതാണ്. നിർബന്ധിത ബീജസങ്കലനം മുതൽ അമ്മമാരിൽ നിന്ന് പശുക്കിടാക്കളെ ഹൃദയഭേദകമായി വേർപെടുത്തുന്നത് വരെ. പശുക്കൾ പാൽ നൽകുന്ന യന്ത്രങ്ങളല്ല, അവയുടെ പാൽ മനുഷ്യർക്കുള്ളതല്ല, അവയുടെ കുഞ്ഞുങ്ങൾക്കുള്ളതാണ്" എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

എന്നാൽ സമൂഹമാധ്യമത്തിൽ വലിയ പ്രതികരണമാണ് പരസ്യബോർഡിന് ലഭിക്കുന്നത്. പലരും പരസ്യത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ഈ സന്ദേശം മറ്റേതെങ്കിലും തരത്തിൽ പങ്കുവെക്കമായിരുന്നു, ഇത് കുറച്ച് കടന്നുപോയി എന്നാണ് സമൂഹമാധ്യമത്തിൽ ഒരാൾ പങ്കുവെച്ച കമൻ്റ്. പരസ്യത്തിലെ ചിത്രത്തെ വിമർശിച്ചുകൊണ്ടും കമൻ്റുകൾ കാണാം.

പരസ്യത്തെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. പരസ്യം അസ്വസ്ഥമാക്കുന്നുവെങ്കിൽ യാഥാർഥ്യം അതിലേറെ അസ്വസ്ഥമാക്കുന്നതാണെന്നാണ് ഒരു കമൻ്റ്. കുറഞ്ഞ ചെലവിൽ കൂടുതൽ വീഗൻ പാൽ ഉൽപ്പാദിപ്പിക്കേണ്ടത് അടിയന്തിരമായി ആവശ്യമാണ്. സർക്കാർ ഇത് പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയാൽ കൂടുതൽ ഫലപ്രദമാകുമെന്നാണ് ഒരാളുടെ നിർദേശം.

SCROLL FOR NEXT