ആരോഗ്യം നിലനിർത്താൻ ഡയറ്റെടുക്കുന്നത് നല്ലതാണ്. പലരും പെട്ടെന്ന് ഭക്ഷണം വളരെയധികം കുറയ്ക്കുകയാണ് ചെയ്യുക. അത് നല്ല വഴിയല്ല. ആരോഗ്യകരമായ ഭക്ഷണങ്ങൾ അളവ് കുറച്ച് പല തവണയായി കഴിക്കുന്നതാകും ഗുണം ചെയ്യുക. ശരീരത്തിലേക്ക് ഭക്ഷണമെത്തുന്നതിലുള്ള ഇടവേള അധികമായാൽ അത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഇനി തിരക്കുപിടിച്ച ജോലിയാണ് നിങ്ങളെ ശരിയായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് പിറകോട്ട് വലിക്കുന്നതെങ്കിൽ ശ്രദ്ധിക്കുക നന്നായി ജോലി ചെയ്യാനുള്ള ഊർജം നില നിർത്തുന്നതിനും. തലച്ചോറിന്റെ പ്രവർത്തനം ശരിയായി നടക്കുന്നതിനും ആവശ്യമായ ഭക്ഷണം ശരീരത്തിന് ലഭിക്കണം. അല്ലെങ്കിൽ ക്ഷീണം അനുഭവപ്പെടും. ജോലിക്കിടയിലും ആരോഗ്യകരമായ ലഘുഭക്ഷണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാം.
ഇനി ജോലിസ്ഥലത്തിരുന്ന കഴിക്കാവുന്ന ഭക്ഷണങ്ങളെന്നു പറയുമ്പോൾ ഉടനെ ചിപ്സും,സ്വീറ്റ്സും, ബിസ്കറ്റുമൊന്നും എടുത്ത് ബാഗിൽ കരുതേണ്ട. ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. എളുപ്പത്തിൽ കയ്യിൽ കരുതാവുന്ന ആരോഗ്യകരമായ ചില ലഘുഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
വറുത്ത മഖാനയാണ് അതിലൊന്ന്. അതായത് താമരവിത്ത്. അൽപ്പം വിലകൂടുതലാണ് പക്ഷെ ശരീരത്തിന് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ മഖാനയ്ക്ക് കഴിയും. തലച്ചോറിൻ്റെ പ്രവർത്തനം ഉത്തേജിപ്പിക്കാനും ക്ഷീണം ഒഴിവാക്കാനും മഖാന നല്ലതാണ്. റോസ്റ്റഡ് മഖാന ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. കലോറി കുറഞ്ഞ, ധാരാളം പ്രോട്ടീൻ അടങ്ങിയ മഖാന പോപ്കോൺ പോലെ ആസ്വദിച്ച് കഴിക്കാം.
ഇനി ചോക്ലേറ്റ് ആരാധകരാണെങ്കിൽ നല്ല ഡാർക് ചോക്ലേറ്റ് തെരഞ്ഞെടുക്കാം. ഇത് ലഘുഭക്ഷണമായി മാത്രമല്ല അല്ലാതെയും ഏറെ ഗുണം ചെയ്യും. തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ജാഗ്രത വർധിപ്പിക്കാനും ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡുകൾ സഹായിക്കും.
ഇനി നട്ട്സുകളുടെ കൂട്ടത്തിൽ ബദാമാണ് നല്ല ചോയ്സ്. കൊഴുപ്പിന്റെയും, വിറ്റാമിൻ ഇയുടെയും മിശ്രിതം നിറഞ്ഞ ബദാം ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. അധികസമയം ജോലിചെയ്യുമ്പോഴുള്ള മടുപ്പ് കുറയ്ക്കാനും. ശരീരത്തിന് ഊർജം പ്രദാനം ചെയ്യാനും ബദാമിന് കഴിയും.
ഫ്രൂട്ട്സും മികച്ച ലഘുഭക്ഷണമാണ്. നല്ല ഫ്രഷായ പഴങ്ങൾ മുറിച്ച് എടുത്ത് ഓപീസിൽ കൊണ്ടു പോകാം. ജോലിത്തിരക്കിനിടയിലെ ചെറിയ ഇടവേളകളിൽ കട്ട്ഫ്രൂട്ട്സ് കഴിക്കാം. പഴങ്ങളിലെ ദോഷകരമല്ലാത്ത ഗ്ലൂക്കോസും, നാരുകളും തലച്ചോറിന് ഉണർവ് നൽകും. ഏകാഗ്രത വർധിപ്പിക്കും. മാനസികമായ ഉന്മേഷത്തിനും സഹായകമാണ്. ഉച്ചകഴിഞ്ഞ സമയമാണ് പഴങ്ങൾ കഴിക്കാൻ അനുയോജ്യം. ആപ്പിൾ, പിയർ, ഓറഞ്ച് തുടങ്ങിയ പഴങ്ങളാണ് ഏറെ നല്ലത്. വീട്ടിൽ നിന്ന് തയ്യാറാക്കാൻ മടിയെങ്കിൽ ഇന്ന് ഫ്രഷ് കട്ട് ഫ്രൂട്ട്സ് തന്നെ കടകളിൽ ലഭ്യമാണ്.