ലക്ഷ്വറി ബ്രാന്‍ഡ് ആയ പ്രാഡയുടെ ഏറ്റവും പുതിയ സേഫ്റ്റി പിന്നിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ക്രോഷേ നൂല് കൊണ്ട് ചുറ്റിയ സ്വര്‍ണ നിറത്തിലുള്ള സേഫ്റ്റി പിന്‍ കാണാന്‍ കുറച്ച് ക്യൂട്ടാണെങ്കിലും അതിന്റെ വിലയാണ് ആളുകളെ അമ്പരപ്പിച്ചത്.
ഒരു പിന്നിന്റെ വില 69,000 രൂപയാണ്. ഇത്രയും രൂപയുടെ പിന്‍ വാങ്ങിയിട്ട് എന്ത് ചെയ്യാനാണ്, ഇതേ ഐറ്റം വേണമെങ്കില്‍ 20 രൂപയ്ക്ക് ഉണ്ടാക്കിത്തരാമല്ലോ എന്നൊക്കെയാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. സ്വര്‍ണ നൂലിലാണോ പിന്‍ കോര്‍ത്തുവെച്ചിരിക്കുന്നത് എന്നും ചിലര്‍ ചോദിക്കുന്നു.
ഇതെന്താ ഇത്ര വിലയെന്ന് ആലോചിച്ച് തലപുകച്ചിരിക്കുകയാണോ? എന്നാല്‍ ആദ്യമേ പറയട്ടെ, ഇങ്ങനെ തലപുകയ്ക്കുന്നവര്‍ക്കുള്ളതല്ല ഈ സേഫ്റ്റി പിന്‍. നമ്മള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയല്ല പ്രാഡ ഈ സേഫ്റ്റി പിന്‍ പുറത്തിറക്കിയത്.
ആദ്യമേ പറയട്ടെ, സേഫ്റ്റി പിന്നിനല്ല, ബ്രാന്‍ഡിനാണ് വില. ലോകത്തിലെ മുന്‍നിര ലക്ഷ്വറി ബ്രാന്‍ഡുകളില്‍ ഒന്നാണ് പ്രാഡ. ആഡംബര ബ്രാന്‍ഡിന്റെ മൂല്യവും ബ്രാന്‍ഡിംഗുമാണ് സേഫ്റ്റി പിന്നിന്റെ പൊന്നും വിലയ്ക്ക് കാരണം.
പ്രാഡയുടെ പ്രധാന ഉപഭോക്താക്കള്‍ വളരെ കുറഞ്ഞ വിഭാഗത്തില്‍ പെടുന്ന അതിസമ്പന്നരായ ലക്ഷ്വറി ഫാഷന്‍ പ്രേമികളാണ്. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയതും അസാധാരണവുമായ കളക്ഷനുകള്‍ തങ്ങളുടെ ശേഖരത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണിവര്‍.
ഉപഭോക്താക്കളുടെ മാനോഭാവവും പ്രധാനമാണ്. പണം പോട്ടെ, പവര്‍ വരട്ടെ എന്ന് മറ്റുള്ളവരെ കാണിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. സാധാരണക്കാരന്റെ ഒരു വസ്തുവിനെ ആഡംബരമായി അവതരിപ്പിക്കുന്ന 'ലക്ഷ്വറി മിനിമലിസം' എന്ന ആശയത്തെ ഇഷ്ടപ്പെടുന്നവരും ഉള്‍പ്പെടുന്നു. കുറഞ്ഞ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു വസ്തു സ്വന്തമാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേകതയും സംതൃപ്തിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫാഷന്‍ രംഗത്ത് തരംഗങ്ങള്‍ സൃഷ്ടിക്കാനും ശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടി ഇത്തരം വിവാദപരമായ ആക്സസറികള്‍ ഉപയോഗിക്കുന്നവരുമുണ്ട്. ഒരു പ്രത്യേക ഫാഷന്‍ ഹൗസിന്റെ വ്യത്യസ്തമായതോ വിവാദമായതോ ആയ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന അതിസമ്പന്നരായ ഇന്‍ഫ്‌ളുവന്‍സര്‍മാരുമുണ്ട്.
ഇവര്‍ പണം നല്‍കുന്നത് ഉത്പന്നത്തിന്റെ പ്രായോഗിക ഉപയോഗത്തിനല്ല, മറിച്ച് പേരിനും ആഡംബര പദവിക്കും വേണ്ടിയാണ്.
അമ്പത് മുതല്‍ നൂറെണ്ണം വരെ ഒരു പാക്കറ്റില്‍ കിട്ടുന്ന സാധാരണ സേഫ്റ്റി പിന്നിന്റെ പരമാവധി വില 20 മുതല്‍ 50 വരെയാണ്. ഒരു സേഫ്റ്റി പിന്നിന്റെ പരമാവധി വില കൂടിയത് ഒരു രൂപയും.
പ്രാഡയുടെ ചര്‍ച്ചയായ സേഫ്റ്റി പിന്നില്‍ ഉപയോഗിച്ചിരിക്കുന്നത് ഗോള്‍ഡ് കളര്‍ മെറ്റലാണ്. ഒരു നല്ല മെറ്റല്‍ സേഫ്റ്റി പിന്നിന്റെ വില 20 രൂപയാണ്. പിന്നില്‍ ഉപയോഗിച്ചിരിക്കുന്ന ക്രോഷേ നൂലിന് കിലോയ്ക്ക് 150 മുതലാണ് വില. ഈ ചെറിയ ഡിസൈന്‍ ഉണ്ടാക്കാന്‍ ഏതാനും ഗ്രാം നൂല് മതി. ഇതിന് പരമാവധി 5 മുതല്‍ 10 വരെയാകും വില.
പ്രാഡ എന്നെഴുതിയ മെറ്റല്‍ ടാഗിനാണ് യഥാര്‍ത്ഥത്തില്‍ മൂല്യം. ഇത് വാങ്ങുന്നവര്‍ ലക്ഷ്വറി ഇമേജ് നല്‍കും. ലളിതമായ നിത്യോപയോഗ വസ്തുക്കളെ പോലും ആഡംബര വസ്തുക്കളാക്കി മാറ്റുന്ന ഒരു രീതി ഫാഷന്‍ ലോകത്തുണ്ട്. ഇതിനെ ചോദ്യം ചെയ്തും പരിഹസിച്ചും നിരവധി വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.
വിലയ്ക്ക് ആനുപാതികമായി സ്വര്‍ണമോ മറ്റ് അമൂല്യ വസ്തുക്കളോ ഇതില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് പ്രാഡയുടെ ക്രോഷെ സേഫ്റ്റി പിന്‍ ബ്രൂച്ച് എന്ന് വിളിക്കുന്ന ഉത്പന്നം നേരിടുന്ന പ്രധാന വിമര്‍ശനം.