കൊച്ചി: ഗുരുതരമായ ലൈംഗികാരോപണങ്ങളും വെളിപ്പെടുത്തലുകളുമെല്ലാം പുറത്തു വന്നതിനു ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റീനു ആന്‍ ജോര്‍ജ് പേര് പറയാതെ നടത്തിയ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പെരുമഴ പോലെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
ഇതോടെ, സോഷ്യല്‍മീഡിയയിലും പൊതു ഇടങ്ങളിലും രാഹുല്‍ അപ്രത്യക്ഷനായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന് അടുത്ത ദിവസമാണ് രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. അന്ന് തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇതിനു ശേഷം നാല് ദിവസമായി അടൂരിലെ വീട്ടില്‍ കഴിയുകയായിരുന്നു രാഹുല്‍. ഇതിനിടയില്‍ നിരവധി ഓഡിയോ റെക്കോര്‍ഡുകളും ആരോപണങ്ങളും ഉയര്‍ന്നു.
എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസിന് അകത്തും പുറത്തും ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇന്ന് വീണ്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നല്‍ വന്നു. രാജി പ്രഖ്യാപനം പ്രതീക്ഷിച്ചെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദുര്‍ബലമായ സ്വയം പ്രതിരോധമാണ് രാഹുല്‍ നടത്തിയത്. ഗുരുതരമായ ആരോപണങ്ങളില്‍ ഒന്നും മറുപടി പറയാതെ, ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തികയുടെ ആരോപണത്തിനു മാത്രം മറുപടി നല്‍കി, തനിക്കെതിരെ നടക്കുന്നത് വലിയ ഗൂഢാലോചനയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരുന്നു.
ഇതിനിടയില്‍ തന്നെ ഫേസ്ബുക്കിലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് സ്വയം 'ഇര' എന്ന് വാദിക്കാനുള്ള ശ്രമമെന്ന് വ്യക്തം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താന്‍ ശ്രമിച്ചു,
സ്തുതിപാടിയവര്‍ വിമര്‍ശകരായി,
കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു
കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്....
പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്...
രാഹുല്‍ ഗാന്ധി <3
പോസ്റ്റ് ഇതിനകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നിരവധി പേര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചപ്പോള്‍, രാഹുല്‍ ഗാന്ധിയെ ചേര്‍ത്ത് സ്വയം ഉപമിക്കാനുള്ള ശ്രമത്തെയാണ് മറ്റ് ചിലര്‍ വിമര്‍ശിച്ചത്. രാഹുല്‍ ഗാന്ധിയെ ചേര്‍ത്ത് പറയേണ്ട എന്ന തരത്തിലാണ് പല കമന്റുകളും വരുന്നത്.