ന്യൂയോർക്ക് നഗരത്തിലെ എംപയർ സ്റ്റേറ്റ് കെട്ടിടത്തിൻ്റെ മുകളിൽ വച്ചു നടന്ന അപകടകരമായ ഒരു റൊമാൻ്റിക് പ്രൊപ്പോസലിൻ്റെ വീഡിയോയും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. റഷ്യക്കാരായ വൈറൽ ക്ലൈംബിങ് കപ്പിളാണ് എംപയർ സ്റ്റേറ്റിന് മുകളിൽ കയറി പുലിവാലു പിടിച്ചത്.
ഇരുവരുടേയും പ്രൊപ്പോസൽ വീഡിയോ പുറത്തു വന്നതിന് പിന്നാലെ രണ്ടുപേരും അറസ്റ്റിലായി. 32 കാരനായ ഇവാൻ ബീർക്കസ് മുട്ടുകുത്തി നിന്ന് 33 കാരിയായ ആഞ്ചല നിക്കോളാവിനോട് മോതിരം നൽകി വിവാഹാഭ്യർഥന നടത്തുന്നതാണ് വീഡിയോയിൽ. 1,454 അടി (443 മീറ്റർ) ഉയരമുള്ള കെട്ടിടത്തിന് മുകളിൽ വച്ച് പിന്നീട് ഇരുവരും ചുംബിക്കുകയും ഒരു ബാനർ ഉയർത്തുകയും ചെയ്തിരുന്നു. "പ്രണയത്തിന്റെ ശക്തി അധികാരത്തോടുള്ള സ്നേഹത്തെ തോൽപ്പിക്കുമ്പോൾ ലോകം സമാധാനത്തെ അറിയുന്നു" എന്നായിരുന്നു ബാനറിലെ വാക്കുകൾ.
പത്ത് മിനിറ്റോളം കെട്ടിടത്തിന് മുകളിൽ ചെലവഴിച്ച ശേഷമാണ് ഇരുവരും താഴേക്കിറങ്ങിയത്. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച ഇരുവരേയും ഗ്രൗണ്ടിലെത്തിയ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണം, അശ്രദ്ധമായി അപായമുണ്ടാക്കൽ, ക്രിമിനൽ കുറ്റം, അതിക്രമിച്ചു കടക്കൽ, ക്രമരഹിത പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പൊലീസ് കമ്മീഷണർ ജെസീക്ക ടിഷ് പുറത്തുവിട്ട ദൃശ്യങ്ങളിൽ, ഈ സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ ഇരുവരേയും അറസ്റ്റ് ചെയ്യുന്നതും കാണിക്കുന്നുണ്ട്. അതേസമയം, ഈ സംഭവം കെട്ടിടത്തിന് തൊട്ടുതാഴെയുള്ള വാടകക്കാർക്കോ സന്ദർശകർക്കോ അതിഥികൾക്കോ ഒരു അപകടവും സൃഷ്ടിച്ചിട്ടില്ലെന്ന് കെട്ടിടവുമായി ബന്ധപ്പെട്ട വക്താവ് അറിയിച്ചു.
റഷ്യയിലെ മോസ്കോയിൽ നിന്നുള്ള ഇവാനും ആഞ്ചലയും ഇപ്പോൾ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഓറഞ്ചിലാണ് താമസിക്കുന്നത്. ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിൽ നിന്നുള്ള വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തരാണ് ഇരുവരും. ക്ലൈംബിങ് ഇരുവരുടേയും ഹോബിയാണ്. 2024 ലെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി "സ്കൈവാക്കേഴ്‌സ്: എ ലവ് സ്റ്റോറി" യുടെ വിഷയവും ഇവരുടെ ജീവിതമാണ്.