22 മാസം കൊണ്ട് 300.17 ലിറ്റർ മുലപ്പാൽ ദാനം ചെയ്തു രാജ്യത്തിൻ്റെ അഭിമാനമായി തമിഴ്‌നാട്ടുകാരിയായ സെൽവ ബ്രിന്ദ Source: X/ ANI
SOCIAL

ബെസ്റ്റ് മമ്മി, മാതൃസ്നേഹത്തിൻ്റെ വറ്റാത്ത ഉറവ; 22 മാസം കൊണ്ട് ദാനം ചെയ്തത് 300.17 ലിറ്റർ മുലപ്പാൽ!

സമാനതകളില്ലാത്ത മാതൃസ്നേഹത്തിൻ്റെ വറ്റാത്ത ഉറവയായി മാറുകയാണ് ഈ യുവതി.

Author : ന്യൂസ് ഡെസ്ക്

22 മാസം കൊണ്ട് 300.17 ലിറ്റർ മുലപ്പാൽ ദാനം ചെയ്തു രാജ്യത്തിൻ്റെ അഭിമാനമായി തമിഴ്‌നാട്ടുകാരിയായ സെൽവ ബ്രിന്ദ. തിരുച്ചിറപ്പള്ളി സ്വദേശിനിയാണ് ഈ 33കാരി. മാതൃസ്നേഹത്തിൻ്റെ വറ്റാത്ത ഉറവയായി മാറുകയാണ് ഈ യുവതി.

ഈ അപൂർവ പ്രവൃത്തിയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സെൽവ ബ്രിന്ദ ഇടം നേടി. ട്രിച്ചിയിലെ കാട്ടൂർ ജില്ലയിലാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.

അമ്മയില്ലാത്ത നവജാത ശിശുക്കളുടെ വിശപ്പകറ്റാനായാണ് ഇവർ ഈ പുണ്യപ്രവൃത്തി ചെയ്യുന്നത്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം മുലപ്പാൽ ദാനം ചെയ്യുന്ന വനിതയാണ് ബ്രിന്ദ.

തൻ്റെ സദ്പ്രവൃത്തിയിലൂടെ ആയിരക്കണക്കിന് നവജാത ശിശുക്കളുടേയും രോഗികളായ കുഞ്ഞുങ്ങളുടേയും ജീവൻ രക്ഷിക്കാൻ തനിക്കായിട്ടുണ്ടെന്നാണ് ഇവർ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറയുന്നത്.

2023 ഫെബ്രുവരി മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് തമിഴ്നാട്ടിലെ മഹാത്മാ ഗാന്ധി മെമ്മോറിയൽ ഗവൺമെൻ്റ് ആശുപത്രിയിലെ അമൃതം ഫൗണ്ടേഷനുമായി സഹകരിച്ച് സെൽവ ബ്രിന്ദ മുലപ്പാൽ ദാനം ചെയ്തത്.

"എൻ്റെ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ നവജാത ശിശുക്കൾക്ക് പിടിപെടുന്ന മഞ്ഞപ്പിത്തം കാരണം അവളെ മൂന്ന് നാല് ദിവസം വരെ എൻഐസിയുവിൽ പ്രവേശിപ്പിച്ചു. ആ സമയത്ത് എൻ്റെ മുലപ്പാൽ പമ്പ് ചെയ്യാനും കുഞ്ഞിന് നൽകാനും എന്നോട് ഡോക്ടർമാർ ആവശ്യപ്പെട്ടു. അധികമായി വന്ന പാൽ എന്റെ അനുമതിയോടെ തന്നെ എൻഐസിയുവിൽ ഉണ്ടായിരുന്ന മറ്റു കുഞ്ഞുങ്ങൾക്കും നൽകി. ആ സമയം മുതൽക്കാണ് ഞാൻ മുലപ്പാൽ ദാനം ചെയ്യാൻ തീരുമാനിച്ചത്," സെൽവ ബ്രിന്ദ വിശദീകരിച്ചു.

"അമൃതം ഫൗണ്ടേഷൻ വഴിയാണ് ഞാൻ ഈ പ്രക്രിയ ആരംഭിച്ചത്. അവരുടെ സഹായവും പിന്തുണയും ഉപയോഗിച്ച്, എന്റെ മുലപ്പാൽ ദാനം ചെയ്യുന്ന ഈ പ്രക്രിയ ഞാൻ ആരംഭിച്ചു. എൻ്റെ മുലപ്പാൽ ഉപയോഗിച്ച് ഞാൻ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ രക്ഷിച്ചിട്ടുണ്ട്. എല്ലാ പുതിയ അമ്മമാരും മുലപ്പാൽ ദാനം ചെയ്യാൻ ഞാൻ അഭ്യർഥിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം കാലാവധിക്ക് മുമ്പേ ജനിക്കുന്ന കുഞ്ഞുങ്ങളെ എൻഐസിയുവിൽ പ്രവേശിപ്പിക്കാറുണ്ട്. ഈ സമയത്ത് മുലപ്പാൽ ദാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു," സെൽവ ബ്രിന്ദ പറഞ്ഞു.

SCROLL FOR NEXT