ശശി തരൂർ എംപിയുടെ ഇഡലി പ്രേമം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഇപ്പോൾ വീണ്ടും ആ ഇഡലി പ്രേമം ചർച്ചയാകുകയാണ്. സമൂഹമാധ്യമത്തിൽ ഇഡലിക്കെതിരെ ഒരാൾ പങ്കുവെച്ച പോസ്റ്റിന് തരൂർ നൽകിയ ചുട്ട മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഇഡലിയെ വാനോളം പുകഴ്ത്തിയ പോസ്റ്റിനൊപ്പം താൻ തന്നെ ഇഡലിയുണ്ടാക്കുന്നതിൻ്റെ ഒരു എഐ ജനറേറ്റഡ് ചിത്രവും തരൂർ പങ്കുവച്ചു.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ ഒരാൾ കേരളത്തിലെ പ്രാതൽ വൈവിധ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പങ്കുവെച്ച പോസ്റ്റാണ് എല്ലാത്തിൻ്റെയും തുടക്കം. "എന്താണ് എപ്പോഴും ദോശയും ഇഡലിയും. ഈ നാട്ടിൽ വേറെ ബ്രേക്ക്ഫാസ്റ്റ് ഒന്നും ഇല്ലേ?" എന്നാണ് അവർ എക്സിൽ കുറിച്ചത്. അതിന് താഴെ മറുപടിയായി മറ്റൊരാൾ ഇങ്ങനെ കുറിച്ചു, "ദോശയെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. ആവിയിൽ വേവിച്ച കുറ്റബോധത്തിൻ്റെ രുചിയാണ് ഇഡലിക്ക്" എന്നായിരുന്നു അവരുടെ മറുപടി.
ആ പരാമർശമാണ് ദക്ഷിണേന്ത്യയിലെ ഭക്ഷണങ്ങളെ കാവ്യാത്മകമായി സമൂഹമാധ്യമങ്ങളിൽ അവതരിപ്പിക്കാൻ തരൂരിനെ പ്രേരിപ്പിച്ചത്. "ആ പാവം നല്ല ഇഡലി കഴിച്ചിട്ടില്ല. നല്ലൊരു ഇഡലി ഒരു മേഘം പോലെ, ഒരു മന്ത്രണം പോലെ, മനുഷ്യ നാഗരികതയുടെ പൂർണതയെക്കുറിച്ചുള്ള ഒരു പൂർണ സ്വപ്നം പോലെയോ ഒക്കെയാണ്" എന്ന് തുടങ്ങുന്ന പോസ്റ്റാണ് തരൂർ പങ്കുവെച്ചത്. ഇഡലിയെ ബീഥോവൻ സിംഫണി, ടാഗോറിൻ്റെ സംഗീതം, ഹുസൈൻ്റെ പെയിന്റിംഗ്, ടെണ്ടുൽക്കറുടെ സെഞ്ച്വറി തുടങ്ങിയവയോടും തരൂർ പോസ്റ്റിൽ താരതമ്യം ചെയ്യുന്നുണ്ട്. "ഇഡലിയെ കുറിച്ച് മോശമെന്ന് പറയുന്നത് ദക്ഷിണേന്ത്യൻ സംസ്കാരങ്ങളോടുള്ള നിങ്ങളുടെ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്. നിങ്ങളോടെനിക്ക് സഹതാപം മാത്രമേയുള്ളൂ"വെന്നും തരൂർ എക്സിൽ കുറിച്ചു. പോസ്റ്റിനൊപ്പം തരൂർ ദക്ഷിണേന്ത്യൻ പരമ്പരാഗത വേഷത്തിൽ ഇഡലിയുണ്ടാക്കുന്നതിൻ്റെ ഒരു എഐ ജനറേറ്റഡ് ചിത്രവും തരൂർ പങ്കുവച്ചു.
നേരത്തെയും ഇഡലിക്ക് വേണ്ടി തരൂർ രംഗത്തെത്തിയിട്ടുണ്ട്. ഇഡലിയെ കളിയാക്കി ഒരു വിദേശി പങ്കുവച്ച ട്വീറ്റിന് തരൂർ നേരത്തെയും നല്ല ചുട്ട മറുപടി കൊടുത്തിരുന്നു.