വിദേശ പൗരൻമാരും ഇന്ത്യക്കാരും തമ്മിൽ വിവാഹം കഴിക്കുന്നത് പുതിയ സംഭവമൊന്നുമല്ല. രണ്ടു രാജ്യങ്ങളിലെ സംസ്കാരങ്ങളും ശീലങ്ങളും തമ്മിലുള്ള മാറ്റം വിവാഹിതരാകുന്ന ദമ്പതികളെ സ്വാധീനിക്കും. പല ശീലങ്ങളിലും മാറ്റം വരാൻ സാധ്യതയുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ പൗരനെ വിവാഹം ചെയ്ത യുക്രെയ്‌ൻ യുവതിയുടെ അനുഭവമാണ് ചർച്ചയാകുന്നത്. വിവാഹം കഴിച്ച് ഇന്ത്യയിൽ താമസിക്കുന്ന തനിക്ക് വന്ന മൂന്ന് മാറ്റങ്ങളാണ് സമൂഹമാധ്യമത്തിലുടെ യുവതി വെളിപ്പെടുത്തിയത്.
വിക്ടോറിയ ചക്രബർത്തി എന്ന യുവതി ഇന്ത്യക്കാരനായ യുവാവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി അവർ കഴിയുന്നത് ഇന്ത്യയിലാണ്. ഈ രാജ്യത്തെ ജീവിതം തൻ്റെ ജീവിത ശൈലിയിൽ വരുത്തിയ മൂന്ന് മാറ്റങ്ങൾ വിക്ടോറിയ എടുത്തു പറയുന്നു. മനോഹരമായ ഒരു ചുവന്ന സാരിയും ഒരു കുഞ്ഞുപൊട്ടും ഒക്കെ ധരിച്ച് ഒരു ഇന്ത്യൻ സ്റ്റൈലിലാണ് വിക്ടോറിയ തന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
സാരിയാണ് ഇന്ത്യയിലെ ജീവിതം വിക്ടോറിയയിൽ വരുത്തിയ ആദ്യ മാറ്റം. സാരി പതിയെ എന്റെ വാർഡ്രോബിന്റെ ഭാഗമായി മാറി. ഒരു വിവാഹത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പരിപാടിക്കോ ഇപ്പോൾ സാരിയില്ലാതെ പോകുന്നത് തനിക്ക് സങ്കല്പിക്കാൻ പോലും സാധിക്കില്ല' എന്നാണ് വിക്ടോറിയ പറയുന്നത്.
അടുത്ത മാറ്റം ഭക്ഷണം കഴിക്കുന്ന രീതിയാണ്, സ്പൂണും, ഫോർക്കും ഉപയോഗിച്ചുള്ള പാശ്ചാത്യ രീതിയിൽ നിന്നുമാറി കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത് ശീലമായതായി അവർ പറയുന്നു. കൈകൊണ്ട് പരമ്പരാഗതമായ ഇന്ത്യൻ ഭക്ഷണം കഴിക്കുന്നു എന്നും അത് വളരെ സ്വാഭാവികവും രുചികരവുമാണ് എന്നുമാണ് വിക്ടോറിയയുടെ അഭിപ്രായം.
ഇന്ത്യയിലെ ആഘോഷങ്ങളോട് പൊരുത്തപ്പെട്ടതാണ് മൂന്നാമത്തെ മാറ്റം. നിറങ്ങളും ശബ്ദങ്ങളും വെളിച്ചവും ഒക്കെയുള്ള ഇന്ത്യയിലെ ആഘോഷങ്ങൾ നടക്കുന്ന സമയമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമയം എന്നാണ് വിക്ടോറിയ പറയുന്നത്. ഇപ്പോൾ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്ന തരത്തിലാണ് വിക്ടോറിയയുടെ പ്രതികരണം.
നിരവധിപ്പേരാണ് വിക്ടോറിയയുടെ പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോൾ തനി ഇന്ത്യക്കാരിയായെന്ന് ചിലർ പറഞ്ഞു. ചിലരാകട്ടെ സാരിയിൽ സുന്ദരിയായിട്ടുണ്ടെന്ന് കമന്റ് ചെയ്തു. പ്രധാനപ്പെട്ട കാര്യം സന്തോഷമാണെന്നും ചിലർ പറയുന്നുണ്ട്. ഇന്ത്യയിലെ ആഘോഷങ്ങളും , വസ്ത്ര ധാരണവുമെല്ലാം അലോസരപ്പെടുത്തുന്നുവെന്ന് പറഞ്ഞ പലർക്കുമുള്ള മറുപടിയാണിതെന്നും ചിലർ സൂചിപ്പിച്ചു.