ഇവാനയുടെ വീഡിയോയിൽ നിന്ന് Source: Instagram/ ivanaperkovicofficial
SOCIAL

"ഭാവിയിലേക്ക് കാലെടുത്ത് വച്ച പോലെ"; ബെംഗളൂരു വിമാനത്താവളത്തെ പ്രശംസിച്ച് ഡച്ച് വനിത

വിമാനത്താവളത്തിൻ്റെ ശ്രദ്ധേയമായ രൂപകൽപ്പനയെയും അന്തരീക്ഷത്തെയും ഇവാന പ്രശംസിക്കുന്നതിൻ്റെ വീഡിയോയാണ് പങ്കുവച്ചത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ഇന്ത്യയിലെത്തിയ ഒരു ഡച്ച് വനിത ബെംഗളൂരു വിമാനത്താവളത്തെ കുറിച്ച് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വിമാനത്താവളത്തിലെ തൻ്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് ഡച്ച് വനിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. ഇന്ത്യയെക്കുറിച്ച് വിദേശികൾ വച്ചുപുലർത്തുന്ന മുൻധാരണകൾ പോലെയല്ലെന്നും, വ്യത്യസ്തമായ അനുഭമാണ് തനിക്ക് ഉണ്ടായതെന്നും വീഡിയോ പങ്കുവച്ച് ഇവാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിമാനത്താവളത്തിൻ്റെ ശ്രദ്ധേയമായ രൂപകൽപ്പനയെയും അന്തരീക്ഷത്തെയും കുറിപ്പിൽ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്.

ടെർമിനലിലെ മനോഹരമായ ദൃശ്യങ്ങളും പച്ചപ്പും വിശാലവും വായുസഞ്ചാരമുള്ളതുമായ ഇന്റീരിയറുകളും ആദ്യമായി അവിടെയെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നതാണെന്ന് ക്ലിപ്പിൽ ഇവാന പറയുന്നു. "ഒരു പരമ്പരാഗത ഇന്ത്യയുണ്ട്, പിന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചതായി തോന്നുന്ന ഇന്ത്യയുമുണ്ട്. ബെംഗളൂരു വിമാനത്താവളം തന്നെ നോക്കൂ. എല്ലാവരും പ്രതീക്ഷിക്കുക ടിവിയിൽ കണ്ട 'സ്ലംഡോഗ് മില്ലിയണയർ' പോലൊരു വേർഷനാണ്. എന്നാൽ, ഇവിടെ കാണാൻ സാധിക്കുക 'ജുറാസിക് പാർക്കി'ൻ്റെ സെറ്റ് പോലെയൊരു വേർഷനാണ്. സൗന്ദര്യാത്മക ഡിസൈനുകളും പച്ചപ്പും ഒരു വെള്ളച്ചാട്ടം പോലും ഉണ്ട്. ബെംഗളൂരു ഒരുദാഹരണം മാത്രമാണ്," ഇവാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബെംഗളൂരു വിമാനത്താവളത്തെ കുറിച്ചുള്ള ഡച്ച് വനിത ഇവാനയുടെ പോസ്റ്റ് ഇതിനകം തന്നെ ഏവരും ഏറ്റെടുത്തുകഴിഞ്ഞു. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് "ഇത് വളരെ അത്ഭുതകരമായി തോന്നുന്നു" എന്ന് അഭിപ്രായപ്പെട്ടു, മറ്റൊരാൾ "ബെംഗളൂരു, ഡൽഹി വിമാനത്താവളങ്ങളാണ് ഏറ്റവും മികച്ചത്" എന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലർ "ചിലപ്പോൾ പൗരബോധം ഇല്ലാത്തതിനാലാകാം ഇന്ത്യയെ അത്തരത്തിൽ കുറ്റപ്പെടുത്തുന്നതെ"ന്ന് അഭിപ്രായപ്പെട്ടു. "അതുകൊണ്ടാണ് എനിക്ക് ബെംഗളൂരു നഗരത്തോട് ഇത്രയധികം ഇഷ്ട"മെന്ന് ചിലർ കുറിച്ചു.

SCROLL FOR NEXT