Golden toilet Source: X
SOCIAL

ഒരു ടോയ്‌ലറ്റിന് 10 മില്യണോ? 101.2 കിലോ സ്വർണത്തിൽ തീർത്ത 'അമേരിക്ക' ഇനി ലേലത്തിന്

ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റെലൻ നിർമ്മിച്ച ഈ ടോയ്‌ലറ്റിന്റെ പേര് തന്നെ അമേരിക്ക എന്നാണ്.

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക്: വിലപിടിപ്പുള്ള വസ്തുക്കൾ ലേലം ചെയ്യുന്നത് പതിവാണ്. പ്രമുഖരുടെ വസ്ത്രങ്ങൾ മുതൽ അപൂർവ രത്നങ്ങൾ വരെ ലേലത്തിൽ സ്വന്തമാക്കുന്നവരുണ്ട്. പലപ്പോഴും ഇത്തരം വസ്തുക്കളുടെ മൂല്യം നിർണയിക്കുന്നത് അതിന്റെ വിലമാത്രമാകില്ല. പഴക്കം, കൗതുകം, ഉപയോഗിച്ച ആളുകളുടെ പ്രസക്തി അങ്ങനെ പലതും. യുഎസിൽ ഇപ്പോൾ ലേലത്തിനൊരുങ്ങുന്നത് ടോയ്‌ലറ്റാണ്. ലേലത്തിൽ വയ്ക്കേണ്ട എന്ത് പ്രത്യേകതയാണ് ടോയ്‌ലറ്റിന് എന്നാണ് അതിശയം എങ്കിൽ അറിയുക ഇത് സ്വർണ ടോയ്‌ലറ്റാണ്.

അതെ 101.2 കിലോ ഭരം വരുന്ന സ്വർണത്തിൽ തീർത്ത ടോയ്‌ലറ്റിന് വില വരുന്നത് ഏകദേശം 10 ദശലക്ഷം ഡോളറാണ്. ലോകത്തിലെ ഏറ്റവും വിലപിടിച്ച ഈ ടോയ്‌ലറ്റാണ് ഇപ്പോൾ യുഎസ് ലേലം ചെയ്യാനൊരുങ്ങുന്നത്. നവംബർ 18 ന് ന്യൂയോർക്കിലാണ് ലേലം. ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റെലൻ നിർമ്മിച്ച ഈ ടോയ്‌ലറ്റിന്റെ പേര് തന്നെ അമേരിക്ക എന്നാണ്.

2019-ൽ ഇംഗ്ലണ്ടിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ നടന്ന അതിസാഹസിക മോഷണത്തിലൂടെയാണ് ഈ സ്വർണ ടോയ്‌ലറ്റിന്റെ പ്രശസ്തി വർധിക്കുന്നത്. സ്വർണത്തിൽ നിമിച്ചതു കൊണ്ട് അത് കാണാൻ മാത്രമെന്ന് കരുതേണ്ട. പൂർണമായും പ്രവർത്തന ക്ഷമമായ ഒന്നാണിത്.

സ്വർണ ടോയ്‌ലറ്റ് നിമിച്ച കാറ്റെലന്റെ "കൊമേഡിയൻ" എന്ന വാഴപ്പഴം, ചുമരിൽ ടേപ്പ് വച്ച് ഒട്ടിച്ച സൃഷ്ടി കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ഒരു ലേലത്തിൽ 6.2 മില്യൺ ഡോളറിന് വിറ്റുപോയിരുന്നു. "ഹിം" - മുട്ടുകുത്തി നിൽക്കുന്ന അഡോൾഫ് ഹിറ്റ്ലറുടെ അസ്വസ്ഥമായ ശിൽപ്പം - 2016 ലെ ക്രിസ്റ്റീസ് ലേലത്തിൽ 17.2 മില്യൺ ഡോളറിനാണ് വിറ്റത്.

'അമേരിക്ക' എന്ന സ്വർണ ടോയ്‌ലറ്റ് അമിതമായ സമ്പത്തിനെ പരിഹസിക്കുന്നുവെന്നാണ് കലാകാരൻ പറയുന്ന വ്യാഖ്യാനം. നിങ്ങൾ എന്ത് കഴിച്ചാലും, 200 ഡോളറിന്റെ ഉച്ചഭക്ഷണമായാലും 2 ഡോളറിന്റെ ഹോട്ട് ഡോഗ് ആയാലും ഒടുവിൽ ആശ്രയിക്കുന്നത് ടോയ്‌ലറ്റിനെ തന്നെ ആയിരിക്കും. എന്നാണ് കാറ്റലൻ പറഞ്ഞത്.

അതിശയിപ്പിക്കുന്ന സൃഷ്ടികൾ കൊണ്ട് എന്നും കലാലോകത്തെ പ്രകോപിപ്പിക്കുന്ന വ്യക്തിയാണ് കാറ്റലെൻ എന്ന് ന്യൂയോർക്കിലെ സോത്ത്ബീസിലെ സമകാലിന കലാ വിഭാഗം തലവനായ ഡേവിഡ് ഗാൽപെറിൻ അഭിപ്രായപ്പെട്ടു. 'അമേരിക്ക' യുടെ രണ്ട് പതിപ്പുകൾ ഇതിനോടകം നർമിച്ചിട്ടുണ്ട്.

SCROLL FOR NEXT