യേശുക്രിസ്തുവിന്റെ മടങ്ങിവരവിനെക്കുറിച്ച് സുവിശേഷകരും ക്രിസ്തീയ പുരോഹിതന്മാരുമൊക്കെ പ്രസംഗിക്കുക പതിവാണ്. എന്നാല്‍, ക്രിസ്തു മടങ്ങിവരുന്ന ദിവസം പറഞ്ഞ് എല്ലാവരോടും തയ്യാറായിരിക്കാന്‍ പറയുന്നവര്‍ അത്രയധികം ഉണ്ടാകണമെന്നില്ല. പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ ഒരു പാസ്റ്റര്‍ അതും പറഞ്ഞു. ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ ദിവസം പറഞ്ഞതിനൊപ്പം, തയ്യാറായിരിക്കാന്‍ ആഹ്വാനവും ചെയ്തു. ഇതോടെ, ജോലി രാജിവച്ച്, ഉള്ളതെല്ലാം വിറ്റുപെറുക്കി കടുത്ത വിശ്വാസികള്‍ ക്രിസ്തുവിന്റെ വരവിന് തയ്യാറെടുത്തു. പ്രവചനവും ആളുകളുടെ തയ്യാറെടുപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിമര്‍ശനവും ഏറിയതായി ഡാളസ് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രഭാഷകനും പാസ്റ്ററുമായ ജോഷ്വാ മകേലയാണ് ബൈബിളില്‍ പറയും പ്രകാരമുള്ള ക്രിസ്തുവിന്റെ രണ്ടാം വരവ് (റാപ്ച്ചര്‍) പ്രവചിച്ചത്. "ജൂത പുതുവര്‍ഷമായ റോഷ് ഹഷാനയുമായി ബന്ധപ്പെട്ട്, സെപ്റ്റംബര്‍ 23നോ, 24നോ ക്രിസ്തുവിന്റെ രണ്ടാം വരവ് സംഭവിക്കും. നിങ്ങള്‍ തയ്യാറാണോ അല്ലയോ? 'ഞാനെന്റെ സഭയെ ചേര്‍ക്കാന്‍ വരും' എന്ന കാര്യം ക്രിസ്തു സ്വപ്നത്തില്‍ വന്ന് പറഞ്ഞതാണ്" -എന്നായിരുന്നു മകേലയുടെ വാക്കുകള്‍. സെന്റ്‌ട്വിന്‍സ് ടിവിയുടെ യുട്യൂബ് അഭിമുഖത്തിലായിരുന്നു പ്രവചനം. "ഇപ്പോഴൊരു കൊടുങ്കാറ്റ് വീശുന്നുണ്ട്, മൊത്തം ഇരുട്ടാണ്. ഭൂമിയിലെ ഒരു മനുഷ്യനും സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ക്കായി തയ്യാറല്ല. എനിക്ക് നൂറു കോടി ശതമാനം ഉറപ്പുണ്ട്. കാഹളനാദം അക്ഷരാര്‍ഥത്തില്‍ എന്റെ കാതുകളില്‍ കേട്ടുതുടങ്ങി" -എന്നിങ്ങനെ ചില മുന്നറിയിപ്പുകളും പാസ്റ്റര്‍ പങ്കുവച്ചു.
#RaptureTok എന്ന പേരില്‍ ടിക്ടോകിലും എക്സിലും ഉള്‍പ്പെടെ മകേലയുടെ വാക്കുകള്‍ വൈറലായി. കടുത്ത വിശ്വാസികളായ ചിലര്‍ പ്രവചനം അപ്പാടെ ഏറ്റെടുത്തു. ജോലി രാജിവച്ച്, ഉള്ളതെല്ലാം വിറ്റ് ക്രിസ്തുവിന്റെ രണ്ടാം വരവിനായി തയ്യാറെടുപ്പ് തുടങ്ങി. 'ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറഞ്ഞ് എല്ലാവര്‍ക്കും അനുതപിക്കാനുള്ള സമയം' എന്നായിരുന്നു വിശ്വാസികളായ മറ്റു ചിലരുടെ പ്രതികരണം. രസികന്മാരായ ചിലരാകട്ടെ, ക്രിസ്തുവിനൊപ്പം പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ടിപ്സുകള്‍ പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു. 'പുതിയ കുപ്പായമൊക്കെ വാങ്ങി തയ്യാറെടുത്തോളൂ യാത്ര അടിപൊളിയാകട്ടെ' എന്ന് അവര്‍ ടിപ്സുകള്‍ പങ്കുവച്ചു. മറ്റു ചിലരാകട്ടെ, ക്രിസ്തുവിനൊപ്പം പോകാന്‍ തയ്യാറെടുക്കുന്നവരെ സഹായിക്കാമെന്ന വാഗ്ദാനാവുമായി മുന്നോട്ടുവന്നു. 'നിങ്ങളുടെ കാര്‍ ഞാനെടുത്തോളാം, സമ്പാദ്യവും എനിക്ക് തന്നോളൂ, എന്നിട്ട് നിങ്ങള്‍ മനസമാധാനത്തോടെ പോകൂ'... എന്നിങ്ങനെയായിരുന്നു അവരുടെ വാഗ്ദാനങ്ങള്‍. ഇതൊക്കെ ക്രിസ്തീയ വിശ്വാസത്തിനോ, ബൈബിളിനോ നിരക്കുന്നതല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിമര്‍ശനവും പരിഹാസവുമൊക്കെ ഏറിയതോടെ, പ്രവചനം വൈറലായി.
ക്രിസ്തു തിരിച്ചുവരുമെന്നും, വിശ്വാസത്തില്‍ മരിച്ചവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനൊപ്പം, ജീവിച്ചിരിക്കുന്ന വിശ്വാസികള്‍ കൂടി സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുമെന്നുമാണ് വിശ്വാസം. ബൈബിള്‍ വചനങ്ങളെ അടിസ്ഥാനമാക്കിയാണ് ക്രിസ്തുവിന്റെ വരവിനെക്കുറിച്ച് പലരും പ്രസംഗിക്കുന്നത്. അതേസമയം, ക്രിസ്തുവിന്റെ വരവ് എങ്ങനെ, എപ്പോള്‍ നടക്കുമെന്ന് ആര്‍ക്കും വെളിപ്പെടുത്തിയിട്ടില്ലെന്നും ബൈബിള്‍ പറയുന്നുണ്ട്. ഇതൊക്കെ അവഗണിച്ചാണ് പലരും പലകാലങ്ങളിലും ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് പ്രസംഗിക്കുന്നത്, പ്രവചനങ്ങള്‍ നടത്തുന്നതും.