മലപ്പുറം: ആക്രമിക്കാൻ എത്തിയ തെരുവുനായ്ക്കളെ ഓടിച്ചു വിട്ട എഅർ നഗറിലെ അഞ്ചുവയസുകാരൻ ഇപ്പോൾ വൈറലാണ്. നവീദ് മുഹമ്മദ് എന്ന ഒന്നാം ക്ലാസുകാരനാണ്, ധൈര്യത്തോടെ ചെറുത്ത് നിന്ന് നായയുടെ കടിയേൽക്കാതെ രക്ഷപെട്ടത്. രണ്ടു നായകളെ ധൈര്യത്തോടെ ഓടിച്ചത് എങ്ങനെയെന്ന് നവീദ് ന്യൂസ് മലയാളത്തോട് പറയുകയാണ്.
സ്കൂളിലേക്ക് പോകാൻ വേണ്ടി വീടിന് മുന്നിലെ റോഡിൽ നിൽക്കുമ്പോഴാണ് തെരുവ് നായ നവീദിനെ കടിക്കാൻ ശ്രമിച്ചത്. മിഠായി കഴിച്ചുകൊണ്ടിരിക്കെയാണ് പട്ടി കടിക്കാൻ വന്നതെന്ന് നവീദ് പറയുന്നു. തന്നെ കടിക്കാനല്ല, മിഠായി കഴിക്കാനാണ് പട്ടി എത്തിയതെന്നാണ് നവീദിൻ്റെ രസകരമായ മറുപടി.
പട്ടിയുടെ കാലിൽ ചവിട്ടിയപ്പോൾ നായ ഓടി പോവുകയായിരുന്നെന്നും നവീദ് പറയുന്നു. എന്നാൽ സൂപ്പർ ഹീറോ ഫാനായ നവീദിന് ഭയം കുറവാണെന്നാണ് പിതാവ് നവാഫ് പറയുന്നത്. സ്വയം സൂപ്പർ ഹീറോ ആണെന്ന് പറഞ്ഞാണ് നവീദ് നടക്കാറ്. ആളിത്തിരി കുറുമ്പനാണെന്നും പിതാവ് പറയുന്നുണ്ട്.