അമേരിക്കയിലുൾപ്പടെ വിവിധ രാജ്യങ്ങളിൽ വിളവെടുപ്പിന് ശേഷം നടക്കുന്ന ആഘോഷമാണ് താങ്ക്സ് ഗിവിങ്. അമേരിക്കക്കാർക്ക് താങ്ക്സ് ഗിവിങ് വിരുന്നില്‍ തീന്‍മേശയില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ടർക്കി. എന്നാല്‍ ഇത്തവണ താങ്ക്സ്ഗിവിംഗ് ദിനമായ നവംബർ 27ന്, കഴുത്തില്‍ കത്തിവീഴുമോ എന്ന് പേടിയില്ലാത്ത രണ്ട് ടർക്കി കോഴികളുണ്ട് നോർത്ത് കരോലീനയില്‍.
വാഷിംഗ്ടണിലെത്തിയ വാഡിളും ഗോബിളുമാണ് ആ വിഐപി ടർക്കി കോഴികൾ. വർഷങ്ങളായി വൈറ്റ് ഹൌസ് പിന്തുടർന്ന് വരുന്ന താങ്ക്സ്ഗിവിംഗ് ആചാരത്തിലേക്ക് ഈ വർഷം ക്ഷണിക്കപ്പെട്ട അതിഥികളാണ് വാഡിളും ഗോബിളും.വൈറ്റ് ഹൌസ് സന്ദർശനത്തിന് മുമ്പുള്ള രാത്രി ഇവർ വിശ്രമിച്ചതാവട്ടെ ആഡംബര ഹോട്ടലായ, വില്ലാർഡ് ഇന്‍റർകോണ്ടിനന്‍റലിൽ ആണ്.
വൈറ്റ് ഹൌസിലെ പ്രസ് റൂമിലെ ക്യാമറകള്‍ക്ക് മുന്നിൽ പോസ് ചെയ്യാനെത്തിയ വാഡിളിനെ കൌതുകത്തോടെ സ്വീകരിച്ചത്, പ്രസ് സെക്രട്ടറി കാരൊലിന്‍ ലെവിറ്റിന്‍റെ ഒന്നരവയസുകാരന്‍ മകനായിരുന്നു.
പിന്നാലെ പ്രസിഡന്‍റും ഫസ്റ്റ് ലേഡി മെലാനിയ ട്രംപുമെത്തി ചടങ്ങാരംഭിച്ചു. അതിനിടയിലും ഡെമോക്രാറ്റുകളെ പരിഹസിക്കാനുള്ള അവസരം ട്രംപ് പാഴാക്കിയില്ല. ജോ ബൈഡൻ്റെ കാലത്തെ ടർക്കി മാപ്പിന് സാധുത ഇല്ലെന്നായിരുന്നു ട്രംപിന്‍റെ തമാശ. പിന്നാലെ ചക്ക് എന്നും നാന്‍സി എന്നും ടർക്കികളുടെ പേരുമാറ്റണമെന്നായി. ഡെമോക്രാറ്റ് നേതാക്കളായ ചക്ക് ഷൂമറെയും നാന്‍സി പെലോസിയെയും ലക്ഷ്യമിട്ടായിരുന്നു ഒളിയമ്പ്. ചരിത്രത്തിലെ ആദ്യ 'MAHA' (മാഹാ) ടർക്കികളാണ് വാഡിളും, ഗോബിളുമെന്നും ട്രംപ് പറഞ്ഞു. ഗോബിളിന് മാപ്പ് നല്‍കിയെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കുമ്പോള്‍ വാഡിളിനെ സ്ഥലത്ത് തന്നെ കാണാനില്ലായിരുന്നു.
1863 ല്‍ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കനാണ് ടർക്കികള്‍ക്ക് മാപ്പ് അനുവദിക്കുന്ന ആചാരം തുടങ്ങിവെച്ചത്. മകന് പ്രിയപ്പെട്ട ടർക്കി കോഴിക്കാണ് അന്ന് പ്രസിഡന്‍റ് മാപ്പ് അനുവദിച്ചത്. പിന്നീട് 1989ല്‍ മൃഗസംരക്ഷകരുടെ പ്രതിഷേധങ്ങളെ തുടർന്ന് ജോർജ് ബുഷ് ആണ് ഇതൊരു ഔദ്യോഗിക വാർഷിക ആചാരമാക്കി മാറ്റിയത്. ട്രംപ് മാപ്പ് നല്‍കിയതോടെ, ഇനിയുള്ള കാലം, നോർത്ത് കരോലീന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാകും വാഡിളും ഗോബിളും കഴിയുക.