'ദി അൺടോൾഡ് സ്റ്റോറി ഓഫ് പ്രകാശ് മാത്യു' വാണ് ഇപ്പോഴത്തെ ട്രൻഡിംഗ് മീം. സംഭവം എന്താണെന്നല്ലേ. മേരി ആവാസ് സുനോയിലൂടെ ഒന്നാം സ്ഥാനം നേടി, കോളേജിൽ വന്ന് പ്രായം തമ്മിൽ മോഹം നൽകി എന്ന പാട്ടു പാടുന്ന പ്രകാശ് മാത്യുവിനെ ഓർമയില്ലേ. കമൽ സംവിധാനം ചെയ്ത നിറം സിനിമയിലെ പ്രകാശ് മാത്യു എന്ന കഥാപാത്രം 25 വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ ട്രെൻഡായിരിക്കുകയാണ്.
സിക്സ് എയ്റ്റ് എന്ന യൂട്യൂബ് ചാനലിലാണ് എഐ ഉപയോഗിച്ച് പോപ് ഐക്കണാകുന്ന പ്രകാശ് മാത്യു എന്ന കഥാപാത്രത്തെ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇറങ്ങി മൂന്നാഴ്ചയ്ക്കുള്ളിൽ 1.8 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. ഇതിന് പിന്നാലെ, 'ആർക്ക് പോയി, സോനയ്ക്ക് പോയി' എന്ന കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബൻ, ശാലിനി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നിറം. കമൽ സംവിധാനം ചെയ്ത് 1999ൽ ഇറങ്ങിയ സിനിമയിലാണ് ബോബൻ ആലുംമൂടൻ അവതരിപ്പിച്ച പ്രകാശ് മാത്യു എന്ന കഥാപാത്രം എത്തുന്നത്.
വീഡിയോ ഹിറ്റായതിന് പിന്നാലെ പോപ് സ്റ്റാർ പ്രകാശ് മാത്യു മീമുകളാണ് സോഷ്യൽ മീഡിയ വാഴുന്നത്. പ്രശസ്ത അമേരിക്കൻ ചാറ്റ് ഷോ ജിമ്മി ഫാലൻ ഷോയിൽ ഗസ്റ്റായി എത്തുന്ന തരത്തിൽ വരെ എഐ വീഡിയോകൾ ഇറങ്ങിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.