SOCIAL

വരനും വധുവും ഒന്നും അറിഞ്ഞില്ല; നാല് ലക്ഷം രൂപ അടങ്ങിയ ബാഗുമായി കള്ളന്‍ പോയ പോക്കേ...

ഫെബ്രുവരി 7 ന് നടന്ന വിവാഹ റിസപ്ഷനിടെയായിരുന്നു മോഷണം നടന്നത്

Author : ന്യൂസ് ഡെസ്ക്

ജയ്പൂര്‍: വരനും വധുവും ഒന്നും അറിഞ്ഞില്ല, എല്ലാത്തിനും സാക്ഷിയായി ക്യാമറയും. ജയ്പൂരില്‍ വിവാഹത്തിനിടെ കവര്‍ച്ച നടത്തുന്ന സംഘത്തെ കൈയ്യോടെ പിടികൂടി ക്യാമറ. അടുത്തിടെയായി ജയ്പൂരില്‍ വിവാഹ സത്കാരങ്ങളില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ വ്യാപകമായിരുന്നു.

ഈ രീതിയില്‍ മോഷണം നടത്തുന്ന സംഘത്തിലൊരാളുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ പതിഞ്ഞത്. വധുവും വരനും അതിഥികളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വിദഗ്ധമായി എത്തി വധുവിന്റെ ബാഗും എടുത്താണ് മോഷ്ടാവ് പോകുന്നത്.

നാല് ലക്ഷം രൂപയും ആഭരണങ്ങളും ബാഗില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 7 ന് നടന്ന വിവാഹ റിസപ്ഷനിടെയായിരുന്നു മോഷണം നടന്നത്. സത്കാരം പുരോഗമിക്കുന്നതിനിടയില്‍ മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവ് വളരെ സ്വാഭാവികമായി സ്‌റ്റേജിലേക്ക് കയറുന്നു.

ഈ സമയം വരനും വധുവും മറ്റൊരു അതിഥിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വധുവിന്റെ വലതു വശത്തായിട്ടാണ് ബാഗുണ്ടായിരുന്നത്. നവദമ്പതികളുടെ പുറകിലൂടെ വന്ന യുവാവ് വധുവിന്റെ സമീപത്തുള്ള ബാഗുമെടുത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ നടന്നു പോകുന്നത് വീഡിയോയില്‍ വളരെ വ്യക്തമായി കാണാം.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്. വിവാഹ ചടങ്ങുകള്‍ ലക്ഷ്യമിട്ടുള്ള കവര്‍ച്ചാ സംഘങ്ങളാണ് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. വിവാഹത്തിനെത്തിയവരെന്ന രീതിയില്‍ വരുന്നതിനാല്‍ ആര്‍ക്കും സംശയവും തോന്നില്ല.

SCROLL FOR NEXT