ബെംഗളൂരു: നാല് നേരം ഭക്ഷണം കഴിക്കാതെയുള്ള ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനെ കഴിയില്ലല്ലേ. എന്നാൽ വളരെ വിചിത്രമായ ഭക്ഷണം ശീലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ ബെംഗളൂരുകാരൻ. ചോറോ ചപ്പാത്തിയോ അല്ല, ഇയാളുടെ സ്ഥിരഭക്ഷണം എഞ്ചിൻ ഓയിൽ ആണ്. 'ഓയിൽ കുമാർ' എന്ന പേരിൽ അറിയപ്പെടുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
30 വർഷത്തിലേറെയായി താൻ എഞ്ചിൻ ഓയിൽ മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന് ഓയിൽ കുമാർ പറയുന്നു. “ഓയിൽ കുമാർ” എന്നറിയപ്പെടുന്ന അദ്ദേഹം കർണാടകയിലെ ശിവമോഗ ജില്ലക്കാരനാണ് ഓയിൽ കുമാറെന്നാണ് റിപ്പോർട്ട്. പ്രതിദിനം ഏഴ് മുതൽ എട്ട് ലിറ്റർ വരെ എഞ്ചിൻ ഓയിൽ ഇയാൾ അകത്താക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. ഇതോടൊപ്പം, ഓയിൽ കുമാർ പതിവായി ചായയും കുടിക്കാറുണ്ട്. ആളുകൾ ഇയാൾക്ക് ഭക്ഷണം നൽകുമ്പോൾ അത് നിരസിച്ച് എഞ്ചിൻ ഓയിൽ കുടിക്കുന്നതായി വൈറൽ വീഡിയോയിൽ കാണാം.
പതിറ്റാണ്ടുകളായി എഞ്ചിൻ ഓയിൽ കുടിച്ചാണ് ജീവിക്കുന്നതെങ്കിലും, ഒരിക്കൽ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നും, യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും പോസ്റ്റിൽ പരാമർശമുണ്ട്.
ഇനി ഓയിൽ കുമാറിനെ പോലെ ഒരു കുപ്പി എഞ്ചിൻ ഓയിൽ വാങ്ങി കുടിച്ച് കഴിയാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ, ആ മോഹം മാറ്റിവെച്ചോളൂ. മനുഷ്യശരീരത്തിന് അങ്ങേയറ്റം ദോഷകരമായ ഒരു പെട്രോളിയം അധിഷ്ഠിത ഉൽപ്പന്നമാണ് എഞ്ചിൻ ഓയിൽ. ഇത് ഒരിക്കലും കഴിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എഞ്ചിൻ ഓയിൽ കുടിക്കുന്നത് വഴി കെമിക്കൽ ന്യൂമോണൈറ്റിസ്,ന്യുമോണിയ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുമെന്നും ആരോഗ്യവിദ്ഗദർ മുന്നറിയിപ്പ് നൽകുന്നു. ഗുരുതരമായ അണുബാധയ്ക്കും ഇത് കാരണമാകും.