രാജസ്ഥാനിലെ ജയ്പൂർ നഗരത്തിലുള്ള തിരക്കേറിയ റോഡിൽ വെച്ച് വഴിയാത്രക്കാർക്ക് പരസ്യമായി മദ്യം വിതരണം ചെയ്തു വൈറലാകാൻ ശ്രമിച്ച് ഒരു സംഘം യൂട്യൂബർമാർ. ലപ്പു സച്ചിൻ എന്ന പേരിൽ നിറയെ ഫോളോവർമാരുള്ള യൂട്യൂബറായ, സച്ചിൻ സിങ്ങാണ് ആറ് സുഹൃത്തുക്കൾക്കൊപ്പം മദ്യസൽക്കാരം നടത്തിയത്.
തിരക്കിട്ട് യാത്ര ചെയ്തിരുന്ന വാഹനങ്ങൾ കൈ കാണിച്ച് നിർത്തിയ ശേഷം, ഡ്രൈവർമാരെ നിർബന്ധപൂർവം മദ്യപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഇവർ. ഡ്രൈവർമാർക്കും യാത്രികർക്കും ഓരോ ഗ്ലാസ് ബിയർ വീതമാണ് കുടിക്കാൻ നൽകിയത്. ഓട്ടോ, കാർ, ബൈക്ക് യാത്രികരെയെല്ലാം റോഡിൽ തടഞ്ഞുനിർത്തുന്നതും സൗജന്യമായി മദ്യവിതരണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ആരോ ഒരാൾ ജയ്പൂർ പൊലീസിനെ എക്സിലൂടെ ടാഗ് ചെയ്തതിനെ തുടർന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. "ഹലോ ജയ്പൂർ പൊലീസ്, ഈ ആൺകുട്ടികൾ റോഡിൽ ആളുകളെ തടഞ്ഞുനിർത്തി മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയാണ്. എല്ലാവരെയും കണ്ടെത്തി പിഴ അടപ്പിക്കുക. അവർ കുറച്ച് ദിവസത്തേക്ക് ജയിലിലെ പാനീയത്തിന്റെ രുചി അറിയിച്ചു കൊടുക്കൂ," മധുർ എന്നൊരാൾ എക്സിൽ കുറിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ ഹിന്ദുക്കളുടെ പുണ്യദിനമായ നിർജല ഏകാദശി ദിനത്തിൽ റോഡിൽ മദ്യം വിതരണം ചെയ്തതിൽ മതനിന്ദയുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം മതനേതാക്കൾ പൊലീസിന് പരാതി നൽകി. പരാതി ലഭിച്ചതിന് പിന്നാലെ ജയ്പൂർ പൊലീസ് വ്ളോഗർമാരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
സച്ചിൻ സിങ്, പ്രദീപ് കദ്വാസ്ര, വികാസ് വർമ, അഭിഷേക് നിർമൽ, സുനിൽ കുമാർ, ആദിത്യ മഹാരിയ, അങ്കിത് മേഘ്‌വാൾ എന്നിവരായിരുന്നു അറസ്റ്റിലായ ഏഴ് പേർ. കളി കാര്യമായെന്നും ഊരാനാകാത്ത നിയമക്കുരുക്കിൽ പെട്ടെന്നും മനസിലാക്കിയതോടെ പ്രതികൾ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവം ജലന്ധറിലും നടന്നിട്ടുണ്ട്. ഇതിൻ്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.