
സോഷ്യൽ മീഡിയ ട്രെൻഡുകൾ കുറച്ചു സമയത്തിനുള്ളിൽ തന്നെ ചിലപ്പോൾ വൈറലാകാറുണ്ട്, ചിലപ്പോഴൊക്കെ അവ മാരകമായും മാറാറുണ്ട്. യുഎസിലെ അരിസോണയിൽ ആളെക്കൊല്ലി ഡസ്റ്റിങ് ചാലഞ്ച് ചെയ്ത് 19കാരി മരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ ഒന്നടങ്കം തിരയുന്നത് എന്താണ് ഈ ചാലഞ്ച് എന്നാണ്.
കീബോർഡ് ക്ലീനിങ് സ്പ്രേകളിൽ നിന്നുള്ള കംപ്രസ് ചെയ്ത വായു ശ്വസിക്കുന്നതാണ് ഡസ്റ്റിങ് ചലഞ്ച്. ടിക്‌ടോക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലാണ് ഈ ചലഞ്ച് പ്രചാരം നേടിയത്. ചലഞ്ച് ഏറ്റെടുത്ത് ഉപയോക്താക്കൾ എയറോസോൾ പ്രൊപ്പല്ലന്റുകൾ ശ്വസിക്കുന്നത് സ്വയം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ചിൻ്റെ രീതി. ഓൺലൈനിൽ ജനശ്രദ്ധ ആകർഷിക്കാനും വ്യൂസ് കൂട്ടുന്നതും ലക്ഷ്യമിട്ടാണ് ഇത്തരം ചലഞ്ചുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ചലഞ്ച് ക്രോമിങ്, ഹഫിങ് എന്നീ പേരുകളിലും അറിയിപ്പെടുന്നുണ്ട്.
ഡസ്റ്റിങ് ചലഞ്ചും സമാനമായ ചലഞ്ചുകളും വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ആളുകളിൽ ഉണ്ടാക്കുകയെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഡസ്റ്റിങ് ചലഞ്ചുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ അപകടം, സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രം ആണ്. അത് കംപ്രസ് ചെയ്ത വായു ശ്വസിക്കുന്നതോടെ ഹൃദയമിടിപ്പ് നിലച്ച് പോകുന്ന തരത്തിലാണ് ഇതിൻ്റെ അപകടാവസ്ഥ. അതാണ് അരിസോണയിലെ 19കാരിക്ക് സംഭവിച്ചത്. ഇത് ഉടനടിയുണ്ടായേക്കാവുന്നതോ, ദീർഘകാലത്തേക്കുള്ളതോ ആയ പ്രതികൂല ആരോഗ്യാവസ്ഥയ്ക്ക് കാരണമാകും. മനസിനെയും ശരീരത്തിനെയും ഇത് ബാധിക്കും.
ഡസ്റ്റിങ് ചലഞ്ചിനെ തുടർന്ന് അരിസോണ സ്വദേശി 19കാരി റെന്ന ഓ റൂർക്കിയാണ് മരിച്ചത്. റെന്നയും ആൺസുഹൃത്തും അവരറിയാതെ എയറോസോൾ കീബോർഡ് ക്ലീനർ ഓർഡർ ചെയ്തുവെന്ന് അവളുടെ മാതാപിതാക്കൾ പറയുന്നു. കീബോർഡ് ക്ലീനർ ശ്വസിച്ചതിനെത്തുടർന്ന്, റെന്നയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. ഐസിയുവിൽ ഒരാഴ്ച അബോധാവസ്ഥയിൽ കിടന്ന്, പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.