67 Source: X/ Screengrab
SOCIAL

ഇനിയും '67' അറിയാത്തവർ തന്ത വൈബ്! എന്താണ് ഡിക്ഷണറി.കോമിൻ്റെ 'വേർഡ് ഓഫ് ദ ഇയറി'ന് പിന്നിലെ കഥ?

ജെൻ ആൽഫകൾക്കിടയിൽ ട്രെൻഡിങായ പ്രയോഗം ബൂമറുകളെയും മില്ലേനിയലുകളെയും കുഴപ്പിക്കുന്നത് കൂടിയാണ്

Author : ന്യൂസ് ഡെസ്ക്

സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായ '67' (സിക്സ്-സെവൻ) ഇപ്പോൾ വെറുമൊരു പ്രയോഗമല്ല. ജെൻ ആൽഫകളുടെ ട്രെൻഡിങ് പ്രയോഗം 'സിക്സ്- സെവൻ'നെ 2025ലെ വേർഡ് ഓഫ് ദ ഇയറായി പ്രഖ്യാപിച്ചിരിക്കുകയാണ് ഡിക്ഷ്ണറി.കോം. ജെൻ ആൽഫകൾക്കിടയിൽ ട്രെൻഡിങായ പ്രയോഗം ബൂമറുകളെയും മില്ലേനിയലുകളെയും കുഴപ്പിക്കുന്നത് കൂടിയാണ്.

അവ്യക്തവും വ്യത്യസ്തവുമായ ഉപയോഗം കാരണം, ഇത് ബ്രെയിൻറോട്ട് സ്ലാങ്ങിന്റെ ഒരു ഉദാഹരണമാണെന്നും, ഇത് അർഥശൂന്യവും അസംബന്ധവുമായി കണക്കാക്കുന്നതാണെന്നുമാണ് '67'നെ കുറിച്ച് ഡിക്ഷണറി.കോം വേർഡ് ഓഫ് ദ ഇയർ പ്രഖ്യാപനത്തിന് പിന്നാലെ സൂചിപ്പിക്കുന്നത്. ജെൻ ആൽഫയും അതിന് താഴെയുള്ള ജനറേഷനുകളും ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ദൈനംദിന ജീവിത സംഭാഷണങ്ങളിലും ഈ പദം ഉപയോഗിക്കുന്നു. ഇത് ഇന്റർനെറ്റിൻ്റെയും കായിക സംസ്കാരങ്ങളുടെയും ഭാഗമായാണ് കണക്കാക്കുന്നത്.

67 എന്ന വാചകം അടുത്തിടെ സോഷ്യൽ മീഡിയ ട്രെൻഡിങ്ങ് ചാർട്ടുകളിൽ ഒന്നാമതെത്തിയിരുന്നു. '6-7', '67', '6 7 എന്നിങ്ങനെ, ഒന്നുമറിയിക്കാതെ നിൽക്കുന്ന കോഡുകളുടെ ആരംഭം ഒരു യുഎസ് റാപ്പറിൽ നിന്നാണ്. ‘സിക്സ്, സെവൻ’ എന്ന വരി റാപ്പർ സ്ക്രില്ലയുടെ ‘ഡൂട്ട് ഡൂട്ട്' എന്ന ഗാനത്തിലൂടെ ലോകമൊട്ടാകെ പടരുകയായിരുന്നു. 2025 ഫെബ്രുവരിയിൽ '6-7, ഐ ജസ്റ്റ് ബിപ്പ്ഡ് റൈറ്റ് ഓൺ ദി ഹൈവേ' എന്ന വരികളോടെയാണ് ഗാനം പുറത്തിറങ്ങിയത്.

അനലിറ്റിക്സ് പ്രകാരം ഒക്ടോബർ വരെ രണ്ട് മില്യണിലധികം '67' ഹാഷ്ടാഗുകളാണ് ടിക്‌ടോകിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ #67 എന്ന ഹാഷ്‌ടാഗിൻ്റെ ഉപയോഗം കുത്തനെ ഉയർന്നതായും അനലിറ്റിക്സുകൾ കാണിക്കുന്നു.

SCROLL FOR NEXT