Source: Files
SOCIAL

കോ‌ഹ്ലിയെ വീണ്ടും അൽഗോരിതം ചതിച്ചതോ? ചർച്ചയായി ഇൻഫ്ലുവൻസറുടെ ഫോട്ടോയിലെ താരത്തിൻ്റെ 'ലൈക്ക്'

ജർമൻ ഇൻഫ്ലുവൻസർ ലിസ്‌ലാസിൻ്റെ ഫോട്ടോയ്ക്കാണ് വിരാട് കോഹ്‌ലി ലൈക്ക് നൽകിയിരിക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

ബെം​ഗളൂരു: പൊടി പാറുന്ന ഐപിഎൽ മത്സരങ്ങളുടെ തിരക്കിനിടയിലും വിരാട് കോഹ്‌ലിയുടെ ഒരു ലൈക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ വീണ്ടും ചർച്ചയാകുന്നത്. ജർമൻ ഇൻഫ്ലുവൻസർ ലിസ്‌ലാസിൻ്റെ ഫോട്ടോയ്ക്കാണ് വിരാട് കോഹ്‌ലി ലൈക്ക് നൽകിയിരിക്കുന്നത്.

ലിസ്‌ലാസിൻ്റെ ഫോട്ടോയ്ക്ക് താഴെ കോഹ്‌ലി നൽകിയ ലൈക്കിൻ്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇൻസ്റ്റഗ്രാമിൽ കോഹ്‌ലി ലിസ്‌ലാസിനെ ഫോളോ ചെയ്തിരുന്നില്ല. പിന്നെങ്ങനെയാണ് ഈ ലൈക്ക് വന്നതെന്നാണ് കോഹ്‌ലി ആരാധകരും ക്രിക്കറ്റ് പ്രേമികളും ഒന്നടങ്കം സംശയം പ്രകടിപ്പിക്കുന്നത്. ഇത്തവണയും അൽഗോരിതം പണി പറ്റിച്ചുവെന്ന വിശദീകരണം വരുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

കോഹ്‌ലിയുടെ 'അൽഗോരിതം' വിവാദം

കോഹ്‌ലി ലിസ്ലാസിൻ്റെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തതിൻ്റെ സ്ക്രീൻഷോട്ടുകൾ ട്രോളുകളായും മീമുകളായും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. എക്സിലും റെഡ്ഡിറ്റിലുമെല്ലാം ഇതിൻ്റെ ട്രോളുകൾ നിറയുന്നുണ്ട്. മകൻ്റെ കൈ തട്ടി ലൈക്ക് വന്നതാകുമെന്ന് വരെ ട്രോളുകളിൽ പറയുന്നു.

കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ കോ‌ഹ്‌ലി വിവാദത്തിൽ അകപ്പെട്ടിരുന്നു. ബോളിവുഡ് നടിയും ഇൻഫ്ലുവൻസറുമായ അവനീത് കൗറിൻ്റെ ഫോട്ടോയ്ക്ക് കോ‌ഹ്‌ലി നൽകിയ ലൈക്കായിരുന്നു ചർച്ചയായത്. അന്ന് ഇൻസ്റ്റഗ്രാം അൽഗോരിതത്തിൻ്റെ പ്രശ്നമാണ് എന്നായിരുന്നു കോഹ്‌ലി വിശദീകരണം നൽകിയത്.

ആരാണ് ലിസ്‌ലാസ് ?

ജർമൻ - സൗത്ത് ആഫ്രിക്കൻ ട്രാവൽ വ്ലോഗറും ഗായികയുമാണ് ലിസ്‌ലാസ് എന്നറിയപ്പെടുന്ന ജെനിഫർ. ലിസ്‌ലാസിൻ്റെ ഇൻസ്റ്റഗ്രാം ബയോ പ്രകാരം, അവർ ഒരു വ്ലോഗറും ജർമനിയിൽ പ്രവർത്തിച്ചുവരുന്ന ഗായികയുമാണ്. ഇവർ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയിൽ വിരാട് കോ‌ഹ്‌ലി ലൈക്ക് ചെയ്തതോടെയാണ് ലിസ്‌ലാസ് ഇന്ത്യയിൽ ട്രെൻഡിങ്ങാകുന്നത്. ജർമൻ, ഡച്ച്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വൈദഗ്ധ്യമുള്ള ലിസ്‌ലാസിൻ്റെ ചില ഇൻസ്റ്റഗ്രാം വീഡിയോകളിൽ ഇവർ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ പ്രവേദശവാസികളോട് സംസാരിക്കുന്നതിൻ്റെ വീഡിയോ കാണാം. ഇവരുടെ 'സമോസ, സമോസ' എന്ന ട്രാക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

SCROLL FOR NEXT