ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ജില്ലയിൽ നിന്നുള്ള ഒരു ഹൃദയഭേദകമായ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 500 രൂപ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തൻ്റെ 90 വയസ്സുള്ള അമ്മായിയമ്മയെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടക്കേണ്ടി വന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
സുഖ്മാനിയ എന്ന 50 വയസിലേറെ പ്രായമുള്ള സ്ത്രീയാണ് കത്തുന്ന ചൂടിലും തന്റെ ഭർതൃ മാതാവിനെ തോളിലേറ്റി റോഡിലൂടെ നടന്നത്.കെവൈസി നടപടി ക്രമങ്ങൾ പൂർത്തിയാവാത്തതിനാൽ വൃദ്ധയായ സ്ത്രീയുടെ പ്രതിമാസ പെൻഷനായ 500 രൂപ നാലു മാസമായി മുടങ്ങിയതിനെ തുടർന്നായിരുന്നു ആരോഗ്യം പോലും പണയം വെച്ചുള്ള ഈ പ്രവർത്തി.
കുനിയ പ്രദേശത്തെ ജംഗൽപാറ ഗ്രാമത്തിലാണ് സുഖ്മാനിയ താമസിക്കുന്നത്. ഇവിടെ നിന്നും മെയ്ൻപത് പട്ടണത്തിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലേക്കാണ് അവർ ഭർതൃമാതാവിനേയും ചുമന്ന് നടന്നത്. ഒരു വഴിയാത്രക്കാരൻ ഇവരുടെ ദുരിതം ഫോണിൽ പകർത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
ബാങ്ക് ഉദ്യോഗസ്ഥൻ പ്രതിമാസ പെൻഷൻ വീട്ടിൽ എത്തിച്ചു തരികയാണ് പതിവെന്നും എന്നാൽ കെവൈസി നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ, നാലു മാസമായി അവർക്ക് പെൻഷൻ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സുഖ്മാനിയ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം, ജനുവരിയിലാണ് അവസാനമായി ഇവർക്ക് പെൻഷൻ വീട്ടിലെത്തിച്ചതെന്നും കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ കഴിഞ്ഞ നാല് മാസമായി സേവനം നിർത്തി വെച്ചിരുന്നതായും അധികൃതർ അറിയിച്ചു.
ഭർതൃമാതാവിനേയും കൊണ്ട് ബാങ്ക് ശാഖയിൽ എത്തിയതിന് പിന്നാലെ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും പെൻഷൻ തുകയായ 2,000 രൂപ ബാങ്ക് ഉടൻ തന്നെ അനുവദിക്കുകയും ചെയ്തു. അടുത്ത മാസം മുതൽ ഇവർക്ക് പെൻഷൻ വീട്ടുവാതിൽക്കൽ എത്തിക്കുമെന്നും ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്തു.
സംഭവത്തിൽ, മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദിയോ സർക്കാരിൻ്റെ വീഴ്ചയെ നിശിതം വിമർശിച്ചു. വോട്ട് അഭ്യർഥിക്കാൻ ആളുകളുടെ വീടുകളിൽ പോകുന്ന രാഷ്ട്രീയക്കാർ, സംസ്ഥാനത്തെ പ്രായമായവരുടെ പെൻഷനുകൾ അവരുടെ വീടുകളിൽ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.