

ഡൽഹി: തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. തൻ്റെ പേഴ്സണൽ അക്കൗണ്ട് തുറക്കാൻ കഴിയുന്നില്ലെന്നും വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അഭിജീത് വ്യക്തമാക്കി. ഇതിന് പിന്നാലെ സിജെപിയുടെ ബാക്ക് അപ്പ് ഇൻസ്റ്റ അക്കൗണ്ട് ഇതിനോടകം ഹാക്കർമാർ നീക്കം ചെയ്തെന്നും അഭിജീത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
അതേസമയം, സിജെപിയെ തകർക്കാൻ സർക്കാർ ഒരവസരത്തിനായി കാത്തിരിക്കുകയാണെന്നും ആ അവസരം ആരും ഉണ്ടാക്കി കൊടുക്കരുതെന്നും അഭിജീത് ദിപ്കെ ഫോളോവർമാരോട് അഭ്യർഥിച്ചു. സിജെപി ഇതുവരെ ഒരു പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടില്ലെന്നും സിജെപിയെ പിന്തുണയ്ക്കുന്നവർ കരുതിയിരിക്കണമെന്നും അഭിജീത് ദിപ്കെ ഇൻസ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടു.
"കോക്ക്റോച്ച് ജനതാ പാർട്ടിയിലൂടെ സുദീർഘമായ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. അതിന് വിഘാതമാകുന്ന വിഘടന ശ്രമങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. സിജെപിയുടെ പേരിൽ ഇതുവരെ ഒരു പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടില്ല. സിജെപിയെ തകർക്കാൻ സർക്കാർ ഒരവസരത്തിനായി കാത്തിരിക്കുകയാണ്. സമാധാനപരമായുള്ള പ്രതിഷേധങ്ങൾ മാത്രമെ സിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടുള്ളൂ," അഭിജീത് ദിപ്‌കെ ലൈവിലൂടെ ആവശ്യപ്പെട്ടു.
തൻ്റെ കുടുംബത്തിന് നേരെ നിരന്തരം ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ടെന്നും വീടിന് പുറത്ത് ആളുകൾ നിലയുറപ്പിച്ച വീഡിയോകൾ തനിക്ക് ലഭിച്ചെന്നും അഭിജീത് പറഞ്ഞു. തൻ്റെ കുടുംബത്തെ കുറിച്ച് ആശങ്കയുണ്ടെന്നും അഭിജീത് വീഡിയോയിൽ കൂട്ടിച്ചേർത്തു.
കോടതി നടപടികള്‍ക്കിടയില്‍ യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് കോക്രോച്ച് ജനതാ പാര്‍ട്ടി പിറവിയെടുത്തത്. പുതിയ തലമുറയ്ക്ക് രാഷ്ട്രീയം കുറയുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടയില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി തന്നെയുണ്ടാക്കി പരമ്പരാഗത പാര്‍ട്ടികളുടെ കണ്ടുമടുത്ത രാഷ്ട്രീയത്തെ ട്രോളുകയാണ് ജെന്‍സികള്‍. നിരന്തരം മടിയന്മാരെന്ന് പരിഹസിക്കപ്പെടുന്ന, അടുത്തിടെ പാറ്റകള്‍ എന്ന് വിളിക്കപ്പെട്ട യുവാക്കള്‍ക്കായി തയ്യാറാക്കിയ പാര്‍ട്ടിയില്‍ കോടിക്കണക്കിന് പേരാണ് ഇതുവരെ അംഗങ്ങളായത്.