Source: Social Media
SOCIAL

കുറച്ച് തിരക്കുള്ളതോണ്ടാ കേട്ടോ...... യുവതിയുടെ വൈറൽ ഷോപ്പിംഗ്, അമ്പരന്ന് കടയുടമ

ഇതൊന്നും വകവയ്ക്കാതെയാണ് അവർ വസ്ത്രം തെരഞ്ഞെടുത്ത് ക്യാഷ് കൗണ്ടറിലെത്തി ബില്ലടച്ച് പോകുന്നത്.

Author : ന്യൂസ് ഡെസ്ക്

ഷോപ്പിംഗ് എന്ന് പറഞ്ഞാൽ തന്നെ സമയം പോകുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും വസ്ത്രങ്ങൾ വാങ്ങാനാണെങ്കിൽ പറയുകയും വേണ്ട. ഇന്ന് തുണിക്കടകളിലെ കളക്ഷൻ നോക്കി ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുന്നത് ഇരട്ടിപ്പണിയാണ്. ഇതെല്ലാം ഒഴിവാക്കാം, എന്താ വേണ്ടതെന്ന് തീരുമാനിച്ച് പോയാലും ഇന്നത്തെ കടകളിൽ അത് നടന്ന് കണ്ടെത്താനും വേണം കുറച്ച് സമയം.

എന്നാൽ അതിനെല്ലാം പരിഹാരം കണ്ടെത്തിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്‍റെ ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച് കടയ്ക്കകത്തേയ്ക്ക് കയറിയ യുവതി അതിൽ തന്നെ കറങ്ങി ആവശ്യമുള്ള വസ്ത്രങ്ങൾ എടുക്കുന്നു. പിന്നെ നേരെ ഓടിച്ച് കൗണ്ടറിൽ എത്തി ബില്ലും കൊടുത്ത് പോകുന്നു. സിംപിൾ.

കടയിലേക്ക് സ്കൂട്ടർ കയറിയ സമയം ആരും പരിഭ്രാന്ത്രായില്ലെന്നതും ശ്രദ്ദേയമാണ്. കടയുടമ അത്ഭുതത്തോടെ നോക്കി നിന്നു. യുവതിയെ സഹായിക്കാനായി കടയിലെ ജോലിക്കാരി സ്കൂട്ടറിന് പുറകെ നടക്കുന്നുണ്ട്. ഇതൊന്നും വകവയ്ക്കാതെയാണ് അവർ വസ്ത്രം തെരഞ്ഞെടുത്ത് ക്യാഷ് കൗണ്ടറിലെത്തി ബില്ലടച്ച് പോകുന്നത്. ഡിസംബർ 18-ന് ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ തുണിക്കടയിലാണ് ഈ രസകരമായ സംഭവം നടന്നത്.

കടയിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വീഡിയോ ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. "ഡ്രൈവ്-ഇൻ ക്ലോത്തിംഗ് ഷോപ്പ്" എന്നൊക്കെ പറഞ്ഞ് പലരും കളിയായെടുത്തെങ്കിലും ഇത് ശരിയാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഒരു ഡെലിവറി ബോയ് പാഴ്സൽ നൽകാനായി തന്‍റെ ഇലക്ട്രിക് വാഹനം ഇതേ കടയ്ക്കുള്ളിലേക്ക് ഓടിച്ച് കയറ്റിയ വീഡിയോയും ഇപ്പോൾ വൈറലാണ്.

SCROLL FOR NEXT