കെ.എസ്. രതീഷ് Source: News Malayalam 24X7
SOCIAL

"ഇത്തിരി കാശുള്ളോർക്കും കൈയ്യൂക്കുള്ളോർക്കും പൊലീസുകാരെ വേണ്ട; നഷ്ടം ഞങ്ങളെപ്പോലെയുള്ളോർക്കാണ്"

"അതുകൊണ്ടാണ് പ്രിയ പൊലീസേ, നിങ്ങളെപ്പറ്റി ഓരോന്ന് കേൾക്കുമ്പോള്‍ നിങ്ങള് മുട്ടുകേറ്റി ഇടിക്കുന്ന വീഡിയോ കാണുമ്പോ, നിങ്ങളെ തെരുവിൽ തല്ലാൻ ആളുകൾ സംഘടിക്കുമ്പോ നഷ്ടം ഞങ്ങൾക്കാണ്..."

Author : ന്യൂസ് ഡെസ്ക്

ഓരോ ദിവസവും പൊലീസ് മര്‍ദനത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിനിടെ, മനുഷ്യമണമുള്ള കാക്കിയെക്കുറിച്ച് ഓര്‍മപ്പെടുത്തി എഴുത്തുകാരനും അധ്യാപകനുമായ കെ.എസ്. രതീഷ്. അച്ഛന്‍ വിട്ടുപോയ ശേഷം, അമ്മയും മൂന്ന് മക്കളും ചേര്‍ന്നുള്ള അതിജീവനത്തിനിടെ ഉണ്ടായ സംഭവം വിശദീകരിച്ചാണ് രതീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ലോക്കല്‍ റൗഡിയുടെ മര്‍ദനമേറ്റ അമ്മ മക്കളെയും കൊണ്ട് സ്റ്റേഷനില്‍ പോയതും, പൊലീസുകാര്‍ മുറിവ് കെട്ടി ഭക്ഷണം വാങ്ങിതന്നതും രതീഷ് ഓര്‍ത്തെഴുതുന്നു. വീടിനടുത്തിരുന്ന് വെളുക്കുവോളം ചീട്ടുകളിക്കുന്നവരോടും, അതിര് മാന്തുന്നവരോടും, കാണുമ്പോഴൊക്കെ ലുങ്കി അഴിച്ചുടുക്കുന്നവരോടും, വീടിന്റെ മുന്നില്‍ മൂത്രം ഒഴിക്കുന്ന കുടിയന്മാരോടും, വെള്ളമടിച്ചിട്ടുവന്ന് പള്ള് വിളിക്കുന്ന മാമന്മാരോടുമെല്ലാം അമ്മ പൊരുതിയത് പൊലീസ് പിന്നിലുണ്ടെന്ന് കണ്ടിട്ടാണ്.

"നെയ്യാർഡാം എസ്.ഐ സമക്ഷം വിധവയും മൂന്ന് പറക്കമുറ്റാത്ത മക്കളുമുള്ള സുമംഗല എന്ന വിജയമ്മ ബോധിപ്പിക്കുന്ന പരാതി" എന്നിങ്ങനെ എത്രയെത്ര പരാതികൾ കാണിച്ച് പേടിപ്പിച്ചാണ് ഞങ്ങൾ അതിജീവിച്ചത്. അതുകൊണ്ടാണ് പ്രിയ പോലീസേ നിങ്ങളെപ്പറ്റി ഓരോന്ന് കേൾക്കുമ്പോ, നിങ്ങള് മുട്ടുകേറ്റി ഇടിക്കുന്ന വീഡിയോ കാണുമ്പോ, നിങ്ങളെ തെരുവിൽ തല്ലാൻ ആളുകൾ സംഘടിക്കുമ്പോ നഷ്ടം ഞങ്ങൾക്കാണ്. നിങ്ങൾ വാനില മണമുള്ള, ആർക്കും ഉമ്മ വയ്ക്കാൻ തോന്നുന്ന, കാക്കി എത്രയും വേഗം തിരിച്ചുപിടിക്കണമെന്ന് ഞാൻ കൊതിക്കുന്നത്. വിജയമ്മമാർക്കും കരിമൻ കുഞ്ഞുങ്ങൾക്കും വേണ്ടിയാണ്. ഇത്തിരി കാശും കൈയ്യൂക്കുമുള്ളോർക്ക് നിങ്ങളെ വേണ്ട - രതീഷ് കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

അല്ലയോ പോലീസുകാരേ സ്ഫ്ടികം ജോർജ്ജ് സാറിനെ വെറുക്കുമ്പോ ആക്ഷൻ ഹീറോ ബിജുവിന്റെ ഒപ്പമാണ് ഞാൻ.ഞങ്ങൾ,അഗതികൾക്കും വിധവകൾക്കും വേണ്ടി മനുഷ്യമണമുള്ള കാക്കിയെ തിരികെപ്പിടിക്കു..

ഇത്തിരി കാശുള്ളോർക്കും കൈയൂക്കുള്ളോർക്കും നിങ്ങള് പോലീസുകാരെ വേണ്ട.അവര് പറയും പോലീസ് കല്ലാണെന്നും പുല്ലാണെന്നും.നഷ്ടം ഞങ്ങളെപ്പോലെയുള്ളോർക്കാണ്. എന്തുകൊണ്ടെന്നാൽ എന്റെ കഥ അങ്ങനെയാണ്..

എന്റെ അപ്പൻ ഞങ്ങളെ കളഞ്ഞിട്ട് പോയ കാലം. അമ്മയും ഞങ്ങള് മൂന്ന് മക്കളും ആറിന്റെ കരയിൽ വെള്ളോം കുടിച്ച് വായൂംതിന്ന് കഴിയണ നേരം.എന്റെ അനിയനും ചേച്ചിക്കും അക്കരെ വല്യമ്മയുടെ വീട്ടീന്ന് തിന്നാനുള്ള വിളി വരും.ആ വിളിയിൽ ചില നേരം തള്ളേ ചേർത്തുള്ള പള്ളും കാണും.എന്റെ ചെറിയ വായിൽ കൊള്ളണ പള്ള് ഞാൻ തിരിച്ച് വിളിക്കണ കാരണം അങ്ങോട്ട് പോവാൻ മടിയാണ്.ഞങ്ങളെ മൂന്നിനേം ആറ്റിലിട്ട് കുളിപ്പിച്ച് സന്ധ്യയാവുമ്പോ അവരെ രണ്ടിനേം അക്കരെ അമ്മയുടെ അക്കന്റെ വീട്ടിലേക്ക് "വല്ലോം പോയി തിന്നിട്ട് ഉറങ്ങി എണീറ്റ് നാളെ കാലത്ത്‌ വാന്ന്" പറഞ്ഞു വിടും...

പിന്നെ ഞാനും അമ്മയും കാടിന്റെ അരികിലുള്ള അമ്മമ്മയുടെ വീട്ടിലേക്ക് നടക്കും.അവിടെ ശിശു കുഞ്ഞമ്മയും സുമാരൻ മാമനും വിജയൻ മാമനും ഒപ്പം ഞങ്ങൾക്കും ഒരു പങ്ക് അമ്മാമ്മ തരും.അമ്മ അപ്പന്റെ കൂടെ ചാടിപ്പോയത് കൊണ്ട് (സത്യത്തിൽ വണ്ടീല് തട്ടിക്കൊണ്ടുപോയതാണ്) മാമന്മാർ മിണ്ടൂല.കാണുമ്പോ കാണുമ്പോ പല്ലുകടിയും പള്ളും നിലത്ത് തുപ്പലുമാണ്. ശിശു കുഞ്ഞമ്മ അങ്ങനെയല്ല തിന്നാൻ കോരിത്തരും പിന്നെ വല്യമ്മയെയുടെ ഭർത്താവിനെ വിളിക്കാനുള്ള പള്ളും പറഞ്ഞു തരും. അവിടെ ഉറങ്ങി എണീറ്റ്,പിറ്റേന്ന് രാവിലെയാണ് ആറിന്റെ കരയിലെ ഒറ്റമുറിയിൽ ഞങ്ങള് തമ്മിൽ കാണുന്നത്,ഇനി തിന്നാൻ കിട്ടുന്നതിന് വേണ്ടി കരിക്കട്ടയും മാവിലയും കൊണ്ട് പല്ലു തേയ്ക്കുന്നത്...

ഒരു ദിവസം ഇങ്ങനെ സന്ധ്യക്ക് അമ്മായുടെ വീട്ടിലേക്ക് എന്നെയും എടുത്ത് അമ്മ പോകുമ്പോ മാമന്റെ കൂടെ ഇടികൂടിയ പത്താൻ സോമൻ കുടിച്ച് പള്ളും വിളിച്ച് നിക്കണ്. അമ്മയും ഞാനും വഴിയരുക് പറ്റി നല്ല ഒതുങ്ങിയാണ് പോയത്.പത്താൻ കുടിച്ച് നിക്കുമ്പോ ആ വഴി ആരും പോവൂല.അമ്മയുടെ വിറയൽ ഞാനറിഞ്ഞു.

കടിച്ച് ബീഡി തുപ്പിയിട്ട് നീ ആരെ കേറാൻ പോണെടീന്ന് പറഞ്ഞിട്ട് പത്താൻ അമ്മയുടെ മുടിയിൽ ചുറ്റിപ്പിടിച്ച് നിലത്തിട്ട് ചവിട്ടി.അമ്മ ചത്തത് പോലെ കിടക്കുന്നു.

എന്റെ വായിന്ന് നാല് പള്ളുപോലും വന്നില്ല.കരഞ്ഞോണ്ട് ഞാൻ ആറ്റിലോട്ട് ഓടി.മുഖവും കൈയും മുറിഞ്ഞ അമ്മ എങ്ങനെ പത്താന്റെ കൈയീന്ന് രക്ഷപ്പെട്ടന്ന് എനിക്കറിയൂല.എന്റെ അമ്മയെ പത്താൻ കൊന്നെന്ന്‌ വിളിച്ചോണ്ടാണ് ഞാൻ ഓടിയത്..

അമ്മ എന്നെയും എടുത്ത് നെയ്യാർഡാം പോലീസ് സ്റ്റേഷൻ വരെ ഓടി.രാത്രി മുറിഞ്ഞു കേറി വന്ന എനിക്കും അമ്മയക്കും അവര് വെള്ളം തന്നു.അമ്മയും ഞാനും കരച്ചില് നിർത്തും വരെ അവര് കാത്ത് നിന്നു.'എന്റെ പിള്ള ഇന്ന് ഒന്നും തിന്നിട്ടില്ല സാറേന്ന് 'അമ്മ കരഞ്ഞുപറയുന്നത് കേട്ടപ്പോഴാണ് എനിക്ക് വിശപ്പ് ഓർമ്മ വന്നത്.മുറിഞ്ഞ കാലിന്റെ വിരൽ പൊത്തിപ്പിടിച്ച് ഞാനും വലിയ വായിൽ കരയാൻ തുടങ്ങി.

വനിതാ പോലീസുമില്ല.എസ് ഐയുമില്ല ജീപ്പുമില്ല.എല്ലാം ഏട്ടിന്റെ ഓർഡറിൽ.ഒരു പോലീസ് നെയ്യാർ ഡാമിന്റെ കാന്റീനിൽ പോകുന്നു.ഒരു പോലീസ് ഡെറ്റോൾ മുക്കിയ പഞ്ഞികൊടുക്കുന്നു.കുടിച്ച് പൂസായി നിൽക്കുന്ന പൊട്ടൻ വാമനന്റെ മുണ്ടിന്റെ അറ്റം കീറി എന്റെ മുറിഞ്ഞ വിരലിൽ കെട്ടുന്ന മറ്റൊരു പോലീസ്.

കാട കിഷൻകുട്ടിയുടെ കാറിൽ നടുക്ക് ഞാൻ അമ്മ അറ്റത്ത് ഇപ്പുറത്ത് ഏട്ട്.മുന്നിലും പോലീസ്.പൊതിഞ്ഞു വച്ചിരുന്ന ദോശയുടെ ചൂട് വാഴയിലയും പത്ര കടലാസും കടന്ന് എന്റെ കൈ വെള്ളയിൽ എത്തിയപ്പോ, തൊപ്പി ഊരി അതിനുള്ളിൽ വച്ച് എന്റെ മടിയിൽ വച്ചോളാൻ പറഞ്ഞ ഏട്ടിനെ എനിക്ക് ഉമ്മ വയ്ക്കാൻ തോന്നി.എന്റെ ചുണ്ട് അതാ അങ്ങോട്ട് പോണ്.ഏട്ട് ചിരിച്ചു.മുന്നിലെ പോലീസും ചിരിച്ച്.'ഈ കാക്കിക്ക് എന്താണ് ഇത്ര മണം'.ഏട്ട് എന്റെ ചോദ്യം കേട്ട് ചേർത്തിരുത്തി.പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു കുഞ്ഞ് പിങ്ക് ഡപ്പി തന്നു.അതിൽ വെളുത്ത തരിയുള്ള പൊടി.ഐസ്‌ ക്രീമിന്റെ മണം.അത് എന്റെ നിക്കറിന്റെ പൊത്ത പോക്കറ്റിൽ വച്ചു...

പത്താനെ നിങ്ങള് കൊല്ലോ..? മുന്നിലെ പോലീസ് ശരിയാക്കിക്കളയാമെന്ന് കണ്ണിറുക്കി സമ്മതിച്ചു. വീട്ടിലേക്കുള്ള വഴിയിൽ ഞങ്ങളെ ഇറക്കി വിട്ടിട്ട്,കാറിന്റെ വെളിച്ചവും ഇരമ്പലും ഒഴിവാക്കി.പത്താൻ പള്ളുവിളിക്കണ കോണിലേക്ക് പോലീസ് പോയി. "നില്ലെടാ അവിടെ, നിന്നെ നോക്കിക്കോ" പോലീസിനെ പേടിച്ച് ആറ്റിൽ ചാടി കാട്ടിലേക്ക് നീന്തുന്ന പത്താനെ ചീങ്കണ്ണി പിടിക്കാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു. അമ്മയെ കളഞ്ഞിട്ടു പോയ അപ്പനെ അറസ്റ്റ് ചെയ്യുന്ന എസ് ഐ ആവാനാണ് ഞാൻ അനാഥ മന്ദിരത്തിലെ ഒന്നിൽ ചേർന്നത്.

ഇതൊന്നും അല്ല. വീടിന്റെ അപ്പുറത്ത് വന്നിരുന്ന് വെളുക്കുവോളം ചീട്ടുകളിക്കുന്ന ജെയിംസിന്റെ സംഘത്തോടും, അതിര് മാന്തുന്ന പീത്ത് മോഹനനോടും, അമ്മയെ കാണുമ്പോ ലുങ്കി നല്ലോണം അഴിച്ചുടുക്കുന്ന മണ്ടേല നെല്സനോടും, വീടിന്റെമുന്നിൽ വരുമ്പോൾ മാത്രം മൂത്രവും കവിതയും വരുന്ന കുടിയന്മാരോടും, വെള്ളമടിച്ച് വന്ന് പള്ളുവിളിക്കുന്ന മാമന്മാരോടും അമ്മ പൊരുതിയത് നിങ്ങള് പിന്നിലുണ്ടെന്ന് കണ്ടിട്ടാണ്..

ഞങ്ങള് കൊണ്ടു വയ്ക്കുന്ന നോട്ടീസ് പേപ്പറിൽ പോലും അമ്മ പരാതി എഴുതിയിട്ടുണ്ട്."നെയ്യാർഡാം എസ്.ഐ സമക്ഷം വിധവയും മൂന്ന് പറക്കമുറ്റാത്ത മക്കളുമുള്ള സുമംഗല എന്ന വിജയമ്മ ബോധിപ്പിക്കുന്ന പരാതി" എന്നാണ് തുടക്കം.അങ്ങനെ എത്രയെത്ര പരാതികൾ കാണിച്ച് പേടിപ്പിച്ചാണ് ഞങ്ങൾ അതിജീവിച്ചത്..

അതുകൊണ്ടാണ് പ്രിയ പോലീസേ നിങ്ങളെപ്പറ്റി ഓരോന്ന് കേൾക്കുമ്പോ നിങ്ങള് മുട്ടുകേറ്റി ഇടിക്കുന്ന വീഡിയോ കാണുമ്പോ, നിങ്ങളെ തെരുവിൽ തല്ലാൻ ആളുകൾ സംഘടിക്കുമ്പോ നഷ്ടം ഞങ്ങൾക്കാണ്...

നിങ്ങൾ വാനില മണമുള്ള, ആർക്കും ഉമ്മ വയ്ക്കാൻ തോന്നുന്ന,കാക്കി എത്രയും വേഗം തിരിച്ചുപിടിക്കണമെന്ന് ഞാൻ കൊതിക്കുന്നത്.വിജയമ്മമാർക്കും കരിമൻ കുഞ്ഞുങ്ങൾക്കും വേണ്ടിയാണ്.ഇത്തിരി കാശും കൈയൂക്കുമുള്ളോർക്ക് നിങ്ങളെ വേണ്ട.

SCROLL FOR NEXT