ഭുവനേശ്വർ: ഒഡിഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യൂട്യൂബറെ കാണാതായതായി റിപ്പോർട്ട്. ഗഞ്ചം ജില്ലയിലെ ബെർഹാംപൂർ സ്വദേശിയായ സാഗർ ടുഡുവിനെ (22) ആണ് കാണാതായതെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഡ്രോൺ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിൽ റീലുകൾ റെക്കോർഡ് ചെയ്യുന്നതിനിടെ ആണ് സംഭവം. തൻ്റെ യൂട്യൂബ് ചാനലിനായി വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളുടെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സുഹൃത്ത് അഭിജിത് ബെഹേരയ്‌ക്കൊപ്പം കോരാപുട്ടിൽ എത്തിയതായിരുന്നു സാഗർ.
കോരാപുട്ടിലെ ലാംതപുട്ട് പ്രദേശത്ത് കനത്ത മഴ ഉണ്ടായതിനെ തുടർന്ന് അധികൃതർ മച്ചകുണ്ഡ അണക്കെട്ടിൻ്റെ ഷട്ടർ തുറന്നുവിട്ടിരുന്നു. അണക്കെട്ടിന്റെ താഴ്‌വരയിൽ താമസിക്കുന്നവരെ അറിയിച്ച ശേഷമായിരുന്നു വെള്ളം തുറന്നുവിട്ടത്. ഇതേസമയം, ഒഴുക്ക് കുറവായതിനാൽ നദിയിലെ ഒരു പാറയിൽ കയറി നിൽക്കുകയായിരുന്നു സാഗർ. പെട്ടെന്ന് വെള്ളച്ചാട്ടത്തിലെ ഒഴുക്ക് കൂടിയതോടെ രക്ഷപ്പെടാനാകാതെ ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. സാഗറിനെ കണ്ടെത്താനായി തെരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
'ദുഡുമ' എന്നത് ഒഡിഷയിലെ കോരാപുട്ട്, മൽക്കൻഗിരി ജില്ലകളുടെ അതിർത്തിയിലുള്ള ഒരു പ്രകൃതിരമണീയമായ വെള്ളച്ചാട്ടമാണ്. മച്ച്കുണ്ഡ് നദിയിൽ നിന്ന് രൂപംകൊള്ളുന്ന ഈ വെള്ളച്ചാട്ടം ഏകദേശം 574 അടി ഉയരത്തിൽ നിന്നാണ് പതിക്കുന്നത്. പ്രദേശവാസികളായ ബോണ്ട, ഗദബ ഗോത്ര വർഗ്ഗക്കാർക്ക് ഈ വെള്ളച്ചാട്ടം സാംസ്കാരികമായും ആത്മീയമായും ഏറെ പ്രധാനപ്പെട്ടതാണ്. സാഹസിക വിനോദങ്ങൾക്കും പ്രകൃതി ആസ്വദിക്കുന്നതിനും ഒഡിഷയിലെ പ്രശസ്തമായൊരു വിനോദസഞ്ചാര കേന്ദ്രമാണിത്.