സാൻഡ്‍വിച്ചുകളിലടക്കം വ്യാപകമായി ഉപയോഗിക്കുന്ന ചീസ് പാലുത്‌പന്നമാണെന്നതിന് അപ്പുറം അതേ കുറിച്ച് എന്തറിയാം. ഏകദേശം രണ്ടര കിലോഗ്രാം വരുന്ന ചീസ് വിറ്റുപോയത് ഗിന്നസ് റെക്കോർഡ് തുകയായ 36 ലക്ഷത്തോളം രൂപയ്ക്ക് ആണെന്നറിയാമോ? ഇത്രയേറെ വിലയുള്ള ചീസിന്റെ നിർമാണം എങ്ങനെയെന്ന് അറിയാം നമുക്ക്.
ചീസ് പലതരമുണ്ട്. ഇതിൽ ഏറെ പ്രശസ്തം ഛെഡ്ഡ, മോസറേല,ഫെറ്റ, ഗോദ തുടങ്ങിയവയാണ്. എന്നാൽ സ്പെയിനിൽ മാത്രം നിർമിക്കുന്ന കൂബ്രാലീസ് എന്ന ചീസ് ഇനത്തിനാണ് റെക്കോർഡ് തുക ലഭിച്ചത്. ഇത് മറ്റ് ചീസ് ഇനങ്ങൾ പോലെ എവിടെയും നിർമിക്കാനാവില്ല. ചുണ്ണാമ്പ് ഗുഹകളിലടക്കം മാസങ്ങളോളം സൂക്ഷിച്ച് വെച്ചാണ് ഈ ചീസ് തയ്യാറാക്കുന്നത്.
റെക്കോർഡ് വില ലഭിച്ച കൂബ്രാലീസ് തയ്യാറാക്കിയ എൻകാർനാഷ്യോൻ ബാഡായിൽ നിന്ന് തന്നെ അറിയാം ഇത് എങ്ങനെയാണ് നിർമിക്കുന്നതെന്ന്. കൂബ്രാലീസ് നിർമിക്കുന്നതിന് പാലു പോലെ തന്നെ നിർണായകമാണ്, ഇത് പുളിപ്പിച്ച് സൂക്ഷിക്കുന്നയിടം. ഇത് കൃത്രിമമായി നിർമിക്കാനാകില്ല. പ്രകൃതിയാൽ രൂപപ്പെട്ട ചുണ്ണാമ്പ് പാറകളുടെ ഗുഹകളാണ് ഇതിനായി വേണ്ടത്.
മറ്റ് ചീസുകളിൽ നിന്ന് കൂബ്രാലീസിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ നീല നിറവും, പാൽ പുളിച്ചതിന്റെ മണവുമാണ്. പുളിപ്പിച്ച പാലിൽ നിന്ന് മാറ്റിയ തൈരിന്റെ ഭാഗം മാസങ്ങളോളം ഗുഹകളിൽ സൂക്ഷിക്കും. ഇതിന് മുകളിൽ പടരുന്ന പൂപ്പലുകളാണ് ചീസിന് നീല നിറം നൽകുന്നത്. ഈ നീലനിറം ഉള്ളിലേക്ക് ഇറങ്ങുന്നത് അനുസരിച്ച്, കൂബ്രാലീസിന്റെ മൂല്യം കൂടും. കൂബ്രാലീസ് വീഞ്ഞിനെ പോലെയാണെന്ന് വേണമെങ്കിൽ പറയാം.
പഴകും തോറും വീഞ്ഞിന്റെ വീര്യം കൂടുമെന്ന് പറയുന്നത് പോലെ പഴകുംതോറും കൂബ്രാലീസിന്റെ ഗുണമേന്മ കൂടും. ഒപ്പം നിറവും മണവും.മറ്റ് ചീസുകളേക്കാൾ കൂടുതൽ കാലമെടുത്താണ് കൂബ്രാലീസ് തയ്യാറാക്കുന്നത്. ഇതിന് പിന്നിലെ മനുഷ്യാധ്വാനവും വലുതാണ്. സമുദ്രനിരപ്പിൽ നിന്ന് 1500 അടിയോളം ഉയരത്തിലുള്ള ഗുഹകളിലേക്ക് ഇടയ്ക്കിടെ ഇടയ്ക്കിടെ എത്തി, ചീസ് പരുവമായോ എന്ന് പരിശോധിക്കുക തന്നെ കായികമായി ഏറെ ബുദ്ധിമുട്ടാണ്.
ഇതെല്ലാം മറികടന്നുകൊണ്ടാണ് സ്പെയിനിലെ എസ്തൂറിയയിലെ ചില ഗ്രാമങ്ങൾ ഇപ്പോഴും കൂബ്രാലീസ് നിർമിക്കുന്നത്. പുതിയ തലമുറയ്ക്ക് കൂബ്രാലീസ് തയ്യാറാക്കുന്ന രീതികൾ പറഞ്ഞുനൽകിയിട്ടുണ്ടെങ്കിലും, തലമുറകളായി കൈമാറി വന്ന ഈ ചീസ് നിർമാണം അന്യംനിന്ന് പോകുമെന്ന സങ്കടമാണ് ബാഡ അടക്കമുള്ളവർ പങ്കുവയ്ക്കുന്നത്.