യൂസഫ് പത്താന്‍ എക്സില്‍ പങ്കുവച്ച ചിത്രങ്ങള്‍ Source: x.com/iamyusufpathan
SOCIAL

ചരിത്രപ്രധാനമായ അദീന മോസ്കിന് മുന്നിലെന്ന് യൂസഫ് പത്താന്‍; ആദിനാഥ് ക്ഷേത്രം എന്ന് തിരുത്തി ബിജെപി

എംപി പറഞ്ഞ മസ്ജിദ് ഒരു ക്ഷേത്രത്തിന് മുകളിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും, അതിന് ചരിത്രപ്രാധാന്യമുണ്ടെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാളിലെ പുരാതന മസ്ജിദ് സന്ദര്‍ശിച്ചശേഷം തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്ററുമായ യൂസഫ് പത്താന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വലിയ ചര്‍ച്ചയ്ക്കാണ് കാരണമായിരിക്കുന്നത്. മാള്‍ഡയിലെ ചരിത്രപ്രധാന അദീന മസ്ജിദിനു മുന്നിലെന്ന് പറഞ്ഞാണ് പത്താന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്. അതിന് തിരുത്തുമായി പശ്ചിമ ബംഗാള്‍ ബിജെപി എത്തിയതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.

"പശ്ചിമ ബംഗാളിലെ മാൾഡയിലെ അദീന മോസ്ക്, ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ സിക്കന്ദർ ഷാ പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച ചരിത്രപ്രധാന മോസ്കാണ്. CE 1373-1375 കാലഘട്ടത്തിൽ നിർമിച്ച ഇത്, അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മോസ്കായിരുന്നു, ഈ പ്രദേശത്തിന്റെ വാസ്തുവിദ്യയിലെ മഹത്വം കൂടി വിളിച്ചോതുന്നു" -എന്നായിരുന്നു എക്സില്‍ യൂസഫ് പത്താന്‍ എഴുതിയത്. അദീന മോസ്കിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളും ചേര്‍ത്തിരുന്നു.

പിന്നാലെയാണ് പശ്ചിമബംഗാള്‍ ബിജെപി തിരുത്തുമായി എത്തിയത്. 'തിരുത്ത്: ആദിനാഥ് ക്ഷേത്രം' എന്ന കുറിപ്പോടെ യൂസഫ് പത്താന്റെ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. അതിനു താഴെ ഇക്കാര്യം ശരിവച്ചുകൊണ്ട് നിരവധി കമന്റുകളുമെത്തി. 'ഇസ്ലാമിക അധിനിവേശക്കാര്‍ കൈവശപ്പെടുത്തുകയും അശുദ്ധമാക്കുകയും ചെയ്ത വലിയ ഹൈന്ദവ ക്ഷേത്രവളപ്പിലൊന്നിലാണ് താങ്കള്‍ നില്‍ക്കുന്നത്' എന്നായിരുന്നു ഒരാളുടെ പ്രതികരണം. എംപി പറഞ്ഞ മസ്ജിദ് ഒരു ക്ഷേത്രത്തിന് മുകളിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും, അതിന് ചരിത്രപ്രാധാന്യമുണ്ടെന്നും മറ്റൊരാള്‍ പറഞ്ഞു. അതേസമയം, ആര് പറയുന്നതാണ് ശരി? ആരെങ്കിലും ഇക്കാര്യത്തില്‍ വസ്തുതാപരിശോധന നടത്തുമോ? എന്നും പ്രതികരണമുണ്ട്.

കഴിഞ്ഞവര്‍ഷം ഒരു സംഘം ഹൈന്ദവ പുരോഹിതര്‍ ഇവിടെയെത്തി പൂജകള്‍ ചെയ്തിരുന്നു. അതിന് നേതൃത്വ കൊടുത്ത വൃന്ദാവനിലെ വിശ്വവിദ്യാ ട്രസ്റ്റ് പ്രസിഡന്റ് ഹിരൺമയ് ഗോസ്വാമി ദേവതകളെ കണ്ടെന്നും, മസ്ജിദ് ഹൈന്ദവ ക്ഷേത്രത്തിന് മുകളിലാണ് നിർമിച്ചിരിക്കുന്നതെന്നും അവകാശപ്പെട്ടു. പ്രദേശവാസികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗോസ്വാമിക്കെതിരെ കേസെടുത്തു. പിന്നാലെ, ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിരുന്ന മസ്ജിദ് അടച്ചിടുകയും, പരിസരത്ത് സിസിടിവികളും പൊലീസ് ചെക്ക്പോസ്റ്റും സ്ഥാപിക്കുകയും ചെയ്തു. AD 1369 കാലത്തെ മുസ്ലീം വാസ്തുവിദ്യയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായാണ് അദീന മോസ്കിനെ എഎസ്ഐ വെബ്സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

SCROLL FOR NEXT