ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഫൈനൽ സാധ്യത മങ്ങുന്നു.ആഷസിലെ അവസാന ടെസ്റ്റ് അവസാനിച്ചതോടെ പോയിൻ്റ് പട്ടികയിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി.ഒമ്പത് ടെസ്റ്റുകൾ അവസാനിച്ചപ്പോൾ ആറാം സ്ഥാനത്താണ് ഇന്ത്യ.
കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നഷ്ടമായ ഇന്ത്യക്ക് ഇത്തവണയും കലാശപ്പോര് എന്ന മോഹം മങ്ങി തുടങ്ങി. 9 ടെസ്റ്റ് കളിച്ചതിൽ നാല് ജയവും നാല് തോല്‍വിയും ഒരു സമനിലയമാണ് ഇന്ത്യക്കുള്ളത്. ഓഗസ്റ്റിൽ ശ്രീലങ്കക്കെതിരെയും ഒക്ടോബറിൽ ന്യൂസിലൻഡിനെതിരെയും രണ്ട് എവേ ടെസ്റ്റുകൾ വീതവും അടുത്ത വർഷമാദ്യം ഓസ്ട്രേലിയക്കെതിരെ സ്വന്തം മണ്ണിൽ അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയുമാണ് ഇന്ത്യക്കുള്ളത്.ശേഷിക്കുന്ന 9 ടെസ്റ്റുകളിൽ നിന്ന് എട്ടിലും വിജയിച്ചാൽ മാത്രമേ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സാധ്യത ഇന്ത്യയ്ക്ക് മുന്നിൽ തെളിയുകയുള്ളൂ.
ആഷസ് പരമ്പര കഴിഞ്ഞതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിൻ്റെ ഫൈനൽ ഓസ്ട്രേലിയ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. എട്ടു മത്സരങ്ങളിൽ നിന്ന് ഏഴിലും വിജയിച്ച് ഒന്നാം സ്ഥാനത്തുള്ള ഓസീസിന് വിജയസാധ്യത 91 ശതമാനം ആയി ഉയർന്നു.ആറ് ഹോം ടെസ്റ്റുകൾ ഉൾപ്പെടെ പതിനാല് ടെസ്റ്റുകളാണ് ഓസീസിന് ശേഷിക്കുന്നത്. ഏഴ് മത്സരങ്ങൾ വിജയിച്ചാൽ ഓസീസിന് ഫൈനൽ ഉറപ്പിക്കാം. നിലവിൽ രണ്ടാം സ്ഥാനത്തുള്ള കിവീസിനെ മറികടന്ന് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
എഴുപത്തിഒന്ന് ശതമാനം ആണ് പ്രോട്ടീസിന് ഫൈനൽ സാധ്യത പ്രവചിചിരിക്കുന്നത്.10 ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ശേഷിക്കുന്നത്. കിവീസിന് 16 ശതമാനവും സാധ്യതയുണ്ട്. ഇന്ത്യയെക്കാളും പാകിസ്ഥാനും ശ്രീലങ്കയ്ക്കും വിദഗ്ദ്ധർ സാധ്യത കല്പിക്കുന്നുണ്ട്.അതേസമയം, ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കാനായി ബിസിസിഐക്ക് മുമ്പാകെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മുന്നോട്ട് വെച്ച നിർദേശം അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. ഓരോ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി 15 ദിവസത്തെ ക്യാംപ് ആണ് ഗിൽ നിർദേശിച്ചത്.