ചര്‍ച്ചയ്ക്ക് തയ്യാറായിക്കൂടെ എന്ന് ചോദിച്ചു; മുന്‍ താരത്തെ 'ഇന്ത്യയുടെ ഏജൻ്റ്' എന്ന് വിളിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗം

തമീം ഇഖ്ബാല്‍ ഇന്ത്യന്‍ ഏജന്റാണെന്ന് സ്വയം തെളിയിച്ചുവെന്ന് നജ്മുല്‍ ഇസ്ലാം ആരോപിച്ചു.
തമീം ഇഖ്ബാൽ
തമീം ഇഖ്ബാൽ Image: X
Published on
Updated on

ഇന്ത്യയില്‍ ടി20 ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിനെ ചൊല്ലി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ ഭിന്നത രൂക്ഷമാകുന്നു. ബിസിബി നിലപാടിനെതിരെ രംഗത്തെത്തിയ മുന്‍ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെതിരെയും വലിയ ആക്രമണമാണ് നടക്കുന്നത്.

തമീമിനെതിരെ ഗുരുതര വിമര്‍ശനവുമായി ബിസിബി അംഗം എം. നജ്മുല്‍ ഇസ്ലാമാണ് രംഗത്തെത്തിയത്. ബിസിബി നിലപാടിനെ ചോദ്യം ചെയ്ത തമീമിനെ ഇന്ത്യയുടെ ഏജന്റ് എന്നാണ് നജ്മുല്‍ ഇസ്ലാം വിളിച്ചത്.

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍, തമീം ഇഖ്ബാല്‍ ഇന്ത്യന്‍ ഏജന്റാണെന്ന് സ്വയം തെളിയിച്ചുവെന്ന് നജ്മുല്‍ ഇസ്ലാം ആരോപിച്ചു.

തമീം ഇഖ്ബാൽ
ലോകകപ്പ് വേദിയായി ഇന്ത്യ വേണ്ട; വീണ്ടും ഐസിസിയെ സമീപിച്ച് ബംഗ്ലാദേശ്

ബിസിബിയുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍, മറ്റേതൊരു സാധാരണക്കാരനേയും പോലെ മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത്. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്ന് തനിക്ക് ഉറപ്പുണ്ട്. അതിനാല്‍ തന്നെ ഇതില്‍ പെട്ടെന്ന് ഒരു അഭിപ്രായം പറയാന്‍ പാടില്ല. എങ്കിലും, അത്തരമൊരു തീരുമാനമെടുക്കുന്നതിനു മുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ താത്പര്യവും ഭാവിയുമെല്ലാം പരിഗണിക്കണമെന്നാണ് തന്റെ അഭിപ്രായം. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അതിലും മികച്ചതായി മറ്റൊന്നുമില്ല.

ബോര്‍ഡില്‍ താനുണ്ടായിരുന്നെങ്കിലും ഇത് തന്നെയാകും ചെയ്യുക. വളരെ സെന്‍സിറ്റീവായ വിഷയമായതിനാല്‍, പരസ്യമായി അഭിപ്രായം പറയുന്നതിനു മുമ്പ് ബോര്‍ഡിനകത്ത് ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം പരസ്യമായി അഭിപ്രായം പറഞ്ഞു കഴിഞ്ഞാല്‍, അത് ശരിയോ തെറ്റോ ആകട്ടെ, ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമാണ്. മറ്റെന്തിനേക്കാളും മുന്‍ഗണന ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാവിയാണ്. ബോര്‍ഡിന്റെ 95 ശതമാനം വരുമാനം ലഭിക്കുന്നത് ഐസിസിയില്‍ നിന്നാണ്. അതിനാല്‍ ബംഗ്ലാദേശ് ക്രിക്കറ്റിന് ഗുണകരമായ തീരുമാനം മാത്രമേ എടുക്കാവൂ. - എന്നായിരുന്നു തമീം ഇഖ്ബാല്‍ പറഞ്ഞത്.

ഈ അഭിപ്രായമാണ് ബിസിബി അംഗമായ നജ്മുല്‍ ഇസ്ലാമിനെ ചൊടിപ്പിച്ചത്.

അതേസമയം, ഇന്ത്യയിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബിസിബി വീണ്ടും ഐസിസിക്ക് കത്തയച്ചിരുന്നു. ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ബിസിബിയുടെ വാദം.

ഫെബ്രവരി ഏഴിന് മത്സരം ആരംഭിക്കാനിരിക്കേയാണ് ബംഗ്ലാദേശ് നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിനുള്ളത്. ഇതില്‍ മൂന്നെണ്ണം കൊല്‍ക്കത്തയിലും ഒന്ന് മുംബൈയിലുമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com