CRICKET

ലെഗ് സ്പിൻ മജീഷ്യൻ മാന്ത്രിക സംഖ്യയിൽ തൊട്ട നിമിഷം, മറക്കാനാകുമോ ആ ഓഗസ്റ്റ് 11?

കൃത്യമായി പറഞ്ഞാൽ, 20 വർഷങ്ങൾക്ക് മുമ്പ് ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിലാണ് വോൺ ഈ മാന്ത്രിക സംഖ്യയിലേക്ക് പന്തെറിഞ്ഞെത്തിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ ഈ ഫോർമാറ്റിൽ ആദ്യമായി 600 വിക്കറ്റുകൾ നേടുന്ന ബൗളറായി ഷെയ്ൻ വോൺ ചരിത്രം സൃഷ്ടിച്ചത് ഒരു ഓഗസ്റ്റ് 11ാം തീയതിയായിരുന്നു. കൃത്യമായി പറഞ്ഞാൽ, 20 വർഷങ്ങൾക്ക് മുമ്പ് ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിലാണ് വോൺ ഈ മാന്ത്രിക സംഖ്യയിലേക്ക് പന്തെറിഞ്ഞെത്തിയത്.

2005 ഓഗസ്റ്റ് 11ന്, ഇംഗ്ലീഷ് ഓപ്പണിംഗ് ബാറ്റർ മാർക്കസ് ട്രെസ്കോത്തിക്കിനെ പുറത്താക്കിയാണ് ഓസ്‌ട്രേലിയൻ ലെഗ് സ്പിൻ മാന്ത്രികൻ ഈ ഐതിഹാസിക നേട്ടം കൈവരിച്ചത്. 2005ലെ ആഷസ് പരമ്പര അന്ത്യന്തം ആവേശം നിറഞ്ഞതായിരുന്നു. ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ അവിശ്വസനീയമാംവിധം വിജയിച്ചപ്പോൾ, ബർമിംഗ്ഹാമിൽ നടന്ന രണ്ടാം ടെസ്റ്റിൽ രണ്ട് റൺസിന്റെ ആവേശകരമായ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവന്നു.

മൂന്നാം ടെസ്റ്റിലേക്ക് കടക്കുമ്പോൾ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായിരുന്നു. ഓൾഡ് ട്രാഫോർഡിൽ ആദ്യ പന്തെറിയാനെത്തുമ്പോൾ ചരിത്രനേട്ടത്തിൽ നിന്ന് വിക്കറ്റ് മാത്രം അകലെയായിരുന്നു വോൺ അപ്പോൾ. ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൻ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. തുടക്കത്തിലെ പ്രതിസന്ധിക്ക് ശേഷം ഓപ്പണർമാരായ വോനും ട്രെസ്കോത്തിക്കും ശക്തമായ ഒരു അടിത്തറ തന്നെ കെട്ടിപ്പടുത്തു.

33 ഓവർ നീണ്ടുനിന്ന പേസ് ബൗളിങ് ആക്രമണത്തിന് ശേഷമായിരുന്നു ഷെയ്ൻ വോണിനെ ആക്രമണത്തിലേക്ക് കൊണ്ടുവന്നത്. വോണിനെ കൊണ്ടുവന്നാൽ മത്സരഗതി മാറിമറിയുമെന്ന് കാണികൾക്കും ഉറപ്പായിരുന്നു. ഷെയ്ൻ വോൺ എറിഞ്ഞ അഞ്ചാം ഓവറിൽ പന്ത് ഓഫ് സ്റ്റമ്പിന് പുറത്താണ് പതിച്ചത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി ആ പന്ത് സ്പിൻ ചെയ്തു കുത്തിത്തിരിഞ്ഞ് ബാറ്റർക്ക് നേരെ തിരിഞ്ഞു. ഉടൻ സ്വീപ്പ് ചെയ്യാനാണ് ട്രെസ്കോത്തിക്ക് ശ്രമിച്ചത്. പക്ഷേ സ്റ്റമ്പിന് പിന്നിൽ ആദം ഗിൽക്രിസ്റ്റിൻ്റെ കൈകളിലൊതുങ്ങി.

ആ സുന്ദര നിമിഷത്തിൽ ലോക ക്രിക്കറ്റിൽ പുതുചരിത്രമാണ് പിറവിയെടുത്തത്. ഓസീസിൻ്റെ എക്കാലത്തേയും മികച്ച ലെഗ് സ്പിൻ മാന്ത്രികൻ കരിയറിൽ 600 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നു. സ്വപ്നനേട്ടം സാക്ഷാത്ക്കരിക്കപ്പെട്ടതിൻ്റെ നിർവൃതിയിൽ അയാൾ കൈകൾ ആകാശത്തിലേക്ക് ഉയർത്തിപ്പിടിച്ചു, ഒരു വിശ്വവിജയിയെ പോലെ... പിന്നാലെ ആവേശഭരിതരായ സഹതാരങ്ങൾ വോണിന് ചുറ്റും കൂടി പ്രശംസകൾ കോരിച്ചൊരിഞ്ഞു.

മാഞ്ചസ്റ്ററിൽ തിങ്ങിനിറഞ്ഞ കാണികൾ ഓസീസ് സ്പിൻ മജീഷ്യനെ അഭിനന്ദിക്കാൻ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു. ആരാധകർക്ക് നന്ദി പറയാൻ വോൺ തൻ്റെ തൊപ്പി ഊരിമാറ്റി... ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു നിമിഷമായിരുന്നു അത്.

ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകളാണ് ഷെയ്ൻ വോൺ വീഴ്ത്തിയത്. കൂടാതെ ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 90 റൺസും നേടി. നാലാം ഇന്നിങ്സിൽ നിർണായക ബാറ്റിങ്ങിലൂടെ ഓസ്ട്രേലിയയെ ടെസ്റ്റ് ജയത്തിലേക്കും നയിച്ചു.

അന്നത്തെ ആ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് ജയിച്ചെങ്കിലും, 19.92 എന്ന മികച്ച ശരാശരിയിൽ ഷെയ്ൻ വോൺ 40 വിക്കറ്റുകൾ നേടിയിരുന്നു. പിന്നീട് 700 ടെസ്റ്റ് വിക്കറ്റുകൾ നേടിയ വോൺ, 708 വിക്കറ്റുകളുമായി തൻ്റെ മാജിക്കൽ കരിയർ അവസാനിപ്പിച്ചു. ഇപ്പോൾ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന് പിന്നിൽ രണ്ടാമതായാണ് വോണിൻ്റെ സ്ഥാനം.

SCROLL FOR NEXT