CRICKET

ഹാട്രിക് ജയവുമായി മൂന്നാം സ്ഥാനത്തേക്കുയർന്ന് ഹൈദരാബാദ്; സെഞ്ച്വറിയോടെ മിന്നിത്തിളങ്ങി അഭിഷേക്!

ജയത്തോടെ 8 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കാണ് ഹൈദരാബാദ് ഉയർന്നത്.

Author : ന്യൂസ് ഡെസ്ക്

തുടർച്ചയായ മൂന്നാം ജയവുമായി ഐപിഎൽ പോയിൻ്റ് പട്ടികയിൽ കുതിപ്പ് തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. ഡൽഹി ക്യാപിറ്റൽസിനെതിരെ 47 റൺസിൻ്റെ ജയമാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തിൽ നേടിയെടുത്തത്. ജയത്തോടെ 8 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കാണ് ഹൈദരാബാദ് ഉയർന്നത്.

ആദ്യം ബാറ്റ് ചെയ്തു ഹൈദരാബാദ് ഉയർത്തിയ 242 റൺസ് ടോട്ടൽ ലക്ഷ്യമിട്ട ഡൽഹിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമേ നേടാനായുള്ളൂ. നാല് വിക്കറ്റ് നേടിയ ഇഷാൻ മലിംഗയുടെ പ്രകടനമാണ് ഹൈദരാബാദിൻ്റെ വിജയത്തിൽ നിർണായകമായത്. മൂന്ന് വിക്കറ്റ് നേടി ഹർഷ് ദുബെയും തിളങ്ങി.

കെ.എൽ. രാഹുൽ (37), നിതീഷ് റാണ (57), സമീർ റിസ്‌വി (41), ട്രിസ്റ്റൻ സ്റ്റബ്‌സ് (27) എന്നിവർ പൊരുതിയെങ്കിലും വിജയം അകലെയായിരുന്നു. നേരത്തെ അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ച്വറിയും ഹെൻഡ്രിച് ക്ലാസൻ്റെ കൂറ്റനടികളുമാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.

13 പന്തിൽ മൂന്ന് സിക്‌സറും ഫോറുകളും അടക്കം പുറത്താകാതെ ക്ലാസൻ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 37 റൺസും ക്യാപ്റ്റൻ ഇഷാൻ കിഷൻ 25 റൺസും നേടി.

SCROLL FOR NEXT