അഭിഷേക് ശർമ 
CRICKET

വീണ്ടും വിസ്മയ ഇന്നിങ്സ്; നാഗ്‌പൂരിൽ പുതിയ ലോക റെക്കോർഡുമായി അഭിഷേക് ശർമ

എട്ട് കൂറ്റൻ സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഈ വെടിക്കെട്ട് ഇന്നിങ്സ്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

നാഗ്‌പൂർ: ടി20 ക്രിക്കറ്റിൽ വിസ്മയങ്ങൾ തീർക്കുകയാണ് ഇന്ത്യൻ ഓപ്പണറായ അഭിഷേക് ശർമ. നാഗ്‌പൂരിൽ ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ തകർപ്പൻ ബാറ്റിങ്ങാണ് അഭിഷേക് പുറത്തെടുത്തത്. 240 സ്ട്രൈക്ക് റേറ്റിൽ 35 പന്തിൽ നിന്ന് 84 റൺസാണ് ഇന്ത്യൻ യുവ ബാറ്റർ വാരിയത്. എട്ട് കൂറ്റൻ സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഈ വെടിക്കെട്ട് ഇന്നിങ്സ്.

നാഗ്‌പൂരിൽ 22 പന്തിൽ നിന്നാണ് അഭിഷേകിൻ്റെ ഫിഫ്റ്റി പിറന്നത്. ഇടങ്കയ്യൻ ബാറ്റർ തുടക്കത്തിൽ കരുതലോടെയാണ് തുടങ്ങിയത്. പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ കത്തിക്കയറുകയായിരുന്നു. നാല് സിക്സറും നാല് ഫോറും പറത്തിയാണ് അഭിഷേക് അതിവേഗം ഫിഫ്റ്റിയിലേക്ക് കുതിച്ചെത്തിയത്.

ഇതിന് പിന്നാലെ ടി20 ക്രിക്കറ്റിൽ ഒരു ലോക റെക്കോർഡിനും താരം ഉടമയായി. ടി20 ക്രിക്കറ്റിൽ 25 പന്തുകളോ അതിൽ കുറവോ നേരിട്ട് എട്ട് ഫിഫ്റ്റികൾ നേടിയ ആദ്യത്തെ ക്രിക്കറ്ററായാണ് അഭിഷേക് ശർമ മാറിയത്. ഏഴ് വീതം ഫിഫ്റ്റികളുമായി സൂര്യകുമാർ യാദവ്, ഫിൾ സോൾട്ട്, എവിസ് ലൂയിസ് എന്നിവരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അഭിയുടെ കുതിപ്പ്.

ന്യൂസിലൻഡിനെതിരെ ഇന്ത്യയിൽ നടന്ന ടി20 മത്സരങ്ങളിൽ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി കൂടിയായിരുന്നു ഇത്. നേരത്തെ രോഹിത് ശർമയും കെ.എൽ. രാഹുലും 23 പന്തുകളിൽ നേടിയ ഫിഫ്റ്റികൾ ഇതോടെ രണ്ടാമതായി.

ടി20യിൽ 25 അല്ലെങ്കിൽ അതിൽ കുറവ് പന്തുകളിൽ നിന്ന് ഏറ്റവുമധികം ഫിഫ്റ്റി നേടിയ താരങ്ങൾ

  • 8 - അഭിഷേക് ശർമ

  • 7 - ഫിൽ സോൾട്ട്

  • 7 - സൂര്യകുമാർ യാദവ്

  • 7 - എവിൻ ലൂയിസ്

SCROLL FOR NEXT