അണ്ടര്‍ 19 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയുടെ പുതിയ സെന്‍സേഷനായി മാറിയ വൈഭവ് സൂര്യവംശിക്ക് അടുത്ത വെല്ലുവിളി. ക്രീസില്‍ തലങ്ങും വിലങ്ങും സിക്‌സും ഫോറും അടിച്ചു കൂട്ടിയ പതിനാലുകാരന്‍ തത്കാലം ബാറ്റും ബോളുമെല്ലാം മാറ്റിവെച്ചിരിക്കുകയാണ്, അടുത്ത മത്സരത്തിനു മുമ്പ് മറ്റൊരു പരീക്ഷ പാസാകാനുണ്ട്.
അതേ, ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ് താരം. പൊതു പരീക്ഷയില്‍ സ്റ്റാര്‍ പെര്‍ഫോമര്‍ എന്ന ഗ്ലാമര്‍ പരിവേഷമൊന്നും ഇല്ല. എല്ലാ വിദ്യാര്‍ഥികളേയും പോലെ തന്നെയാണ് വൈഭവും. ബിഹാറിലെ പൊഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് വൈഭവ് പരീക്ഷ എഴുതുക. വൈഭവിന് പ്രത്യേക പരിഗണനകളൊന്നും ഉണ്ടായിരിക്കില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ നീല്‍ കിഷോറും പറയുന്നു.
പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവിന് നല്‍കിയിട്ടുണ്ട്. പരീക്ഷയ്ക്ക് എത്തുന്ന വൈഭവിനെ കാണാനുള്ള ആവേശത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം. ചെറിയ പ്രായത്തില്‍ തന്നെ സൂപ്പര്‍ താരമായെങ്കിലും സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളേയും പോലെ തന്നെയാണ്. എങ്കിലും സുരക്ഷാ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്നും പ്രധാനാധ്യാപകന്‍ അറിയിച്ചു.
ഫെബ്രുവരി 17 നാണ് പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുന്നത്.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 412 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 80 പന്തില്‍ 175 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. വൈഭവിന്റെ റെക്കോര്‍ഡ് സെഞ്ച്വറിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്.