ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്റെ മകന്റെ ക്രിക്കറ്റ് കരിയർ അത്ര എളുപ്പമുള്ള ഒന്നാകാന്‍ സാധ്യതയില്ല. കാരണം അമിതമായ സമ്മർദങ്ങളും പ്രതീക്ഷകളും പേറിയാകും ആ താരം ഓരോ വട്ടവും ഗ്രൗണ്ടിലേക്ക് ഇറങ്ങേണ്ടി വരിക. പറഞ്ഞു വരുന്നത് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ മകന്‍ അർജുന്‍ ടെന്‍ഡുല്‍ക്കറെപ്പറ്റിയാണ്.
അർജുൻ ടെണ്ടുൽക്കർ കുറച്ചുകാലമായി മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമാണ്. അവസരം ലഭിക്കുന്ന മുറയ്ക്ക് ഇടയ്ക്ക് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും മറ്റ് യുവ താരങ്ങളെപ്പോലെ ടീമിന്റെ അവിഭാജ്യ ഘടകമാകാന്‍ അർജുന് സാധിച്ചില്ല. വിഘ്‌നേഷ് പുത്തൂർ, അശ്വനി കുമാർ തുടങ്ങിയവർ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അർജുന്‍ ബെഞ്ചില്‍ കാഴ്ചക്കാരനായി ഒതുങ്ങി.
ക്രിക്കറ്റിലെ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പേരുകേട്ട മുംബൈ ഇന്ത്യൻസ് കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിലും അർജുനെ ടീമിനൊപ്പം കൂട്ടി. ഒരിക്കല്‍ റിലീസ് ചെയ്ത അർജുനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ തിരികെ കൊണ്ടുവന്നത്. ടൂർണമെന്റിലുടനീളം അർജുന്‍ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ഓരോ മത്സരത്തിലും പുത്തന്‍ റെക്കോർഡുകള്‍ സൃഷ്ടിക്കുന്ന ടീമിലെ യുവ പ്രതിഭകളുടെ സാന്നിധ്യമാകാം അതിനു കാരണം.
ഇപ്പോഴിതാ പുതിയ ഒരു യുവതാരം കൂടി മുംബൈ സ്ക്വാഡിലേക്ക് എത്തിയിരിക്കുന്നു. വിധു വിനോദ് ചോപ്രയുടെയും അനുപമ ചോപ്രയുടെയും മകനായ അഗ്നി ചോപ്ര. യുഎസിലെ പ്രൊഫഷണൽ ടി20 ലീഗായ മേജർ ലീഗ് ക്രിക്കറ്റില്‍ (എംഎൽസി) ആണ് അഗ്നി മുംബൈ ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതോടെ എംഎൽസി എന്ന മറ്റൊരു സുവർണാവസരം കൂടി അർജുന് നഷ്ടമായി. 50,000 ഡോളറിനാണ് അഗ്നിയെ മുംബൈ ടീമിലെടുത്തത്.
എന്നാല്‍, അരങ്ങേറ്റ മത്സരത്തില്‍ അത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അഗ്നി ചോപ്രയ്ക്ക് സാധിച്ചില്ല. വെറും അഞ്ച് റണ്‍സിനാണ് താരം ഔട്ടായത്. ഈ യുവ താരത്തിനു മുന്നില്‍ മുംബൈയില്‍ ഇനിയും സാധ്യതകള്‍ അനവധിയാണ്. മറുവശത്ത് അർജുന് നഷ്ടമാകുന്നത് വിദേശത്ത് മുംബൈ ഇന്‍ഡ്യന്‍സിനെ പ്രതിനിധീകരിക്കാനുള്ള അവസരമാണ്.