വിഷ്ണു വിനോദ് KCL 2025
CRICKET

കേരള ക്രിക്കറ്റ് ലീഗില്‍ വിജയവഴിയിൽ തിരിച്ചെത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയെത്തിയ തൃശൂരിൻ്റെ സീസണിലെ ആദ്യ തോൽവിയാണിത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ കൊല്ലം സെയ്‌ലേഴ്‌സിന് തകർപ്പൻ ജയം. തൃശൂര്‍ ടൈറ്റന്‍സിനെ എട്ട് വിക്കറ്റിനാണ് നിലവിലെ ചാംപ്യന്മാരായ കൊല്ലം വീഴ്ത്തിയത്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയെത്തിയ തൃശൂരിൻ്റെ സീസണിലെ ആദ്യ തോൽവിയാണിത്.

തൃശൂർ ടൈറ്റൻസ് ഉയർത്തിയ 145 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം മറികടന്നത്. ഓപ്പണര്‍ വിഷ്ണു വിനോദ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റിയുമായി തിളങ്ങി.

38 പന്തില്‍ എട്ട് സിക്സും ഏഴ് ഫോറും സഹിതം 86 റണ്‍സാണ് വിഷ്ണു അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 28 പന്തില്‍ 32 റണ്‍സെടുത്തും സജീവന്‍ അഖില്‍ 19 റണ്‍സുമായും പുറത്താകാതെ നിന്നു. അഭിഷേക് നായര്‍ രണ്ട് റണ്‍സുമായി മടങ്ങി.

ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സിനെ 19.5 ഓവറില്‍ 144 റണ്‍സില്‍ കൊല്ലം പുറത്താക്കി. 38 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 41 റണ്‍സ് കണ്ടെത്തിയ ഓപ്പണര്‍ ആനന്ദ് കൃഷ്ണനാണ് ടൈറ്റന്‍സ് നിരയിലെ ടോപ് സ്കോറർ. 24 റണ്‍സെടുത്ത അക്ഷയ് മനോഹറും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

കൊല്ലത്തിനായി അജയ്‌ഘോഷ് നാല് വിക്കറ്റ് വീഴ്ത്തി. 3.5 ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. നാലോവറില്‍ 19 റണ്‍സ് വഴങ്ങി അമല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഷറഫുദ്ദീന്‍ രണ്ടും സജീവന്‍ അഖില്‍ ഒരു വിക്കറ്റും നേടി.

SCROLL FOR NEXT