india pakistan asia cup final Image: X
CRICKET

ഇതുവരെ ഏറ്റുമുട്ടിയത് 210 തവണ; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 88 തവണ ജയിച്ചത് പാകിസ്ഥാന്‍; ഇതാണ് യഥാര്‍ത്ഥ റൈവല്‍റി

ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യ - പാക് പോരാട്ടം റൈവല്‍റി തന്നെയാണ്

Author : ന്യൂസ് ഡെസ്ക്

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും കലാശപ്പോരാട്ടത്തിന് ഒരുങ്ങുമ്പോള്‍ മുന്‍തൂക്കം ആര്‍ക്ക്? സമീപകാലങ്ങളിലെല്ലാം പാകിസ്ഥാനു മേല്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. അതുകൊണ്ട് തന്നെയാണ് റൈവല്‍റിയെന്ന വാക്ക് ഉപയോഗിക്കാനാകില്ലെന്ന പരിഹാസം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറയുന്നതും. എന്നാല്‍ ചരിത്രത്തിലെ കണക്ക് പരിശോധിച്ചാല്‍ പാകിസ്ഥാനെ എഴുതിത്തള്ളാനാകില്ല ഇന്ത്യക്ക്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യക്ക് എന്നും വെല്ലുവിളിയുയര്‍ത്തിയ ടീമാണ് പാകിസ്ഥാന്‍.

ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യ - പാക് പോരാട്ടം റൈവല്‍റി തന്നെയാണ്. ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം ഏറ്റുമുട്ടിയത് 210 തവണ. 88 തവണ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ 79 തവണ ഇന്ത്യയും വിജയിച്ചു. നേരിയ മുന്‍തൂകം പാകിസ്ഥാനാണ്.

ഏകദിനത്തില്‍ 136 തവണ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാന്‍ 73 മത്സരങ്ങളിലും ഇന്ത്യ 58 മത്സരങ്ങളിലും വിജയിച്ചു. ടെസ്റ്റില്‍ 59 പ്രാവശ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തിയത് 12 തവണ 38 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും പാകിസ്ഥാന് മുന്‍തൂക്കം. എന്നാല്‍ ട്വന്റി ട്വന്റിയിലേക്കെത്തിയാല്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. 15 മത്സരങ്ങളില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ജയം ഇന്ത്യക്കൊപ്പം.

ഫൈനല്‍ പോരുകളിലെല്ലാം കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. ഇതുവരെ ഏറ്റുമുട്ടിയത് 7 ഫൈനലുകളില്‍. 5 മള്‍ട്ടിനാഷണല്‍ ടൂര്‍ണമെന്റുകളും 2 ഐസിസി ടൂര്‍ണമെന്റും. ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളില്‍ ഒപ്പത്തിനൊപ്പം.

2007 ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ 2017 ചാംപ്യന്‍സ് ട്രോഫില്‍ പാകിസ്താന്‍ കിരീടമുയര്‍ത്തി. മറ്റ് 5 ടൂര്‍ണമെന്റുകളില്‍ മൂന്നെണ്ണം പാകിസ്ഥാനും രണ്ടെണ്ണം ഇന്ത്യയും നേടി. ഏഷ്യാകപ്പിന്റെ ഫൈനലില്‍ ചരിത്രത്തിരാദ്യമായാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. ചരിത്ര ഫൈനലില്‍ ആര് നേടും ആര് വീഴും. ദുബൈയിലെ സൂപ്പര്‍പോരിലേക്ക് കണ്ണുനട്ടിരിക്കുന്നു ആരാധകര്‍.

SCROLL FOR NEXT