ഡൽഹി: സെപ്റ്റംബർ 14ന് ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിടുന്നതിൽ പ്രതിഷേധം തുടരുന്നതിനിടെ ബിസിസിഐയുടെ നയം വ്യക്തമാക്കി സെക്രട്ടറി ദേവജിത് സൈകിയ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അടുത്തിടെ പുറത്തിറക്കിയ നയരേഖ ഉദ്ധരിച്ചാണ് സെക്രട്ടറിയുടെ ഈ വിശദീകരണം.
ഇന്ത്യയുമായി അടുപ്പം കാത്തുസൂക്ഷിക്കാത്ത ഒരു രാജ്യത്തിനെതിരെയും ബഹുരാഷ്ട്ര ടൂർണമെൻ്റുകളിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ ഏതൊരു ഐസിസി ടൂർണമെൻ്റിലും ഇന്ത്യയുമായി നല്ല ബന്ധമില്ലാത്ത ഒരു രാജ്യം ഉൾപ്പെട്ടാലും ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കേണ്ടതുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ചൂണ്ടിക്കാട്ടി.
"കായികരംഗത്ത് ഒരു ടീം മത്സരം ബഹിഷ്കരിച്ചാൽ അതിനുള്ള പ്രത്യാഘാതങ്ങൾ വലുതാണ്. അത് പാകിസ്ഥാനെതിരെ ആയാൽ പോലും. ചിലപ്പോൾ ഇന്ത്യൻ ടീമിന് വിലക്ക് വരെ നേരിട്ടേക്കാം. ഞങ്ങൾ ഇന്ത്യ സർക്കാരിൻ്റെ യുവജന-കായിക വികസന വകുപ്പ് രൂപപ്പെടുത്തിയ നയമാണ് പിന്തുടരുന്നത്. അതിനാൽ, ഞങ്ങൾ പിന്തുടരുന്ന നയം കേന്ദ്ര ഗവൺമെൻ്റ് രൂപപ്പെടുത്തിയ നയവുമായി പൂർണമായും യോജിക്കുന്നു. അതിനായി ബിസിസിഐ അത് പിന്തുടരേണ്ടിവരും. നയം പിന്തുടരുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ക്രിക്കറ്റിനെ മാത്രമല്ല, മറ്റു ഗെയിമുകളെയും കണക്കിലെടുത്ത് ആ നയം വളരെ മനോഹരമായി നടപ്പിലാക്കിയിരിക്കുന്നു," ദേവജിത് സൈകിയ പറഞ്ഞു.
"ഏഷ്യൻ ക്രിക്കറ്റ് കൗൺസിലോ ഐസിസിയോ ആതിഥേയത്വം വഹിക്കുന്ന ഏതെങ്കിലും ബഹുരാഷ്ട്ര ടൂർണമെൻ്റുകൾ ഇന്ത്യ ബഹിഷ്കരിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അല്ലെങ്കിൽ മറ്റേതെങ്കിലും കായിക ഇനങ്ങളെ എടുക്കുകയാണെങ്കിൽ, ഫിഫ ടൂർണമെന്റോ എഎഫ്‌സി ടൂർണമെന്റോ അല്ലെങ്കിൽ ബഹുരാഷ്ട്ര ടീമുകൾ ഉൾപ്പെടുന്ന മറ്റേതെങ്കിലും അത്‌ലറ്റിക് ടൂർണമെന്റോ, ഇന്ത്യ ഒരു പ്രത്യേക രാജ്യവുമായി കളിക്കുന്നില്ല, അപ്പോൾ ഇന്ത്യൻ ഫെഡറേഷനെതിരെ ഉപരോധങ്ങൾ ഉണ്ടായേക്കാം," സൈകിയ കൂട്ടിച്ചേർത്തു.
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ പാകിസ്ഥാനികളായ തീവ്രവാദികൾ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്ഥാനുമായുള്ള മത്സരങ്ങൾ നടത്തുന്നതിൽ പ്രതിഷേധം ഉടലെടുത്തത്. മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉൾപ്പെടെ മത്സരത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ചിലർ മത്സരം ബഹിഷ്കരിക്കാൻ പോലും ആഹ്വാനം ചെയ്തിരുന്നു.