Sanju Samson , Surya Kumar Yadav 
CRICKET

ഏഷ്യാ കപ്പ് 2025: സഞ്ജു ടീമില്‍ പക്ഷേ ഓപ്പണറാവില്ല; നായകന്‍ സൂര്യ കുമാർ, പേസ് നിരയെ ബുംറ നയിക്കും

ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രധാന താരങ്ങളും ടീമിലുണ്ട്

Author : ന്യൂസ് ഡെസ്ക്

2025ൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ പാനൽ തെരഞ്ഞെടുത്തിരിക്കുന്നത്. സൂര്യ കുമാർ യാദവാകും ടീമിനെ നയിക്കുക. ശുഭ്‌മാന്‍ ഗില്ലാണ് ഉപനായകന്‍.

മലയാളി താരം സഞ്ജു സാംസണും ഏഷ്യാ കപ്പ് സ്ക്വാഡില്‍ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രധാന താരങ്ങളും ടീമിലുണ്ട്. വെസ്റ്റ് ഇൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ലോകോത്തര ഫാസ്റ്റ് ബൗളർ ജസപ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പില്‍ ബൗളിങ് നിരയെ നയിക്കാന്‍ ബുമ്ര ഉണ്ടാകും. ടി -20 ഫോർമാറ്റില്‍‌ നടക്കുന്ന ടൂർണമെന്റില്‍ അധികം ഓവറുകള്‍ പന്തെറിയേണ്ടി വരില്ലെന്നത് കണക്കാക്കിയാണ് താരത്തെ ടീമില്‍‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉപനായകന്‍ ഗില്ലാകും അഭിഷേക് ശർമയ്ക്ക് ഒപ്പം ഓപ്പണ്‍ ചെയ്യുക. സഞ്ജുവിനെ ഈ പൊസിഷനില്‍ കളിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകള്‍. ടോപ്പ് ഓർഡറില്‍ തിലക് വർമയായിരിക്കും, മൂന്നാം നമ്പറായി ബാറ്റ് ചെയ്യുക. വിക്കറ്റ് കീപ്പർ ആയുള്ള പ്രാഥമിക പരിഗണനയും സഞ്ജുവിനല്ല. ജിതേഷ് ശർമയാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. മധ്യനിരയിലാകും താരം കളിക്കുക.

സ്പിൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ചുമതല വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ ത്രയത്തിനാണ്. പേസ് ആക്രമണത്തിന് ബുംറയ്‌ക്കൊപ്പം അർഷ്ദീപും ഹർഷിത് റാണയും ഓള്‍ റൗണ്ടർ ഹാർദിക് പാണ്ഡ്യയും ഉണ്ടാകും.

ഏഷ്യാ കപ്പ് 2025 - ഇന്ത്യന്‍ സ്ക്വാഡ്

സൂര്യ കുമാർ യാദവ് (നായകന്‍), ശുഭ്മാൻ ഗിൽ (ഉപനായകന്‍), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ.

SCROLL FOR NEXT