അബുദാബി: ഏഷ്യാ കപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ നടക്കുകയാണ്. സെപ്റ്റംബർ 28ന് രാത്രി എട്ട് മണിക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ക്രിക്കറ്റ് ഗ്രൗണ്ടിന് അകത്തും പുറത്തും ചിര വൈരികളായ ഇന്ത്യയും പാകിസ്ഥാനും മത്സരിക്കുമ്പോള്‍ രണ്ട് രാജ്യങ്ങള്‍ കൂടിയാണ് ഏറ്റമുട്ടുന്നത്.
ഫൈനലില്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇരു ടീമുകളും ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. വിജയം രാജ്യത്തിന്റെ അഭിമാനപ്രശ്‌നമാണെന്ന തരത്തിലാണ് ആരാധകരില്‍ ഒരുകൂട്ടര്‍. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ആരാധകര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ഇതിന്റെ ഉദാഹരണമാണ് ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍ കടന്നതിനു ശേഷം ഗ്രൗണ്ടില്‍ നടന്ന കാര്യങ്ങള്‍.
ബംഗ്ലാദേശിനെതിരെ വിജയിച്ച ശേഷം ആരാധകര്‍ക്ക് സമീപമെത്തിയ പാക് താരം ഹാരിസ് റൗഫിനെ പിടിച്ചുവെച്ചായിരുന്നു ആരാധകന്റെ ആവശ്യം. ആരാധകര്‍ക്ക് കൈ നല്‍കി അഭിവാദ്യം ചെയ്യുന്നതിനിടയില്‍ റൗഫിന്റെ കൈ പിടിച്ച ഒരു ആരാധകന്റെ ആവശ്യം ഇങ്ങനെയായിരുന്നു,
'ഇന്ത്യയെ തോല്‍പ്പിക്കണം, ദൈവത്തെ ഓര്‍ത്ത് ഇന്ത്യയെ വെറുതെ വിടരുത്' എന്നായിരുന്നു ആരാധകന്റെ അപേക്ഷ. ഇതിന് മറുപടി നല്‍കാതെ ചിരിച്ചു കൊണ്ടാണ് റൗഫ് പ്രതികരിച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഏഷ്യാ കപ്പില്‍ ഇന്ത്യയെ ഒരു തവണ പോലും പരാജയപ്പെടുത്താന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ഇക്കുറി ഇത് മൂന്നാം തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്. എന്നാല്‍, ഫൈനലില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു പാക് താരം ഷഹീന്‍ അഫ്രീദി കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം, ഒരിക്കല്‍ കൂടി പാകിസ്ഥാനെ തരിപ്പണമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. വിവാദങ്ങളാല്‍ കൊടുമ്പിരിക്കൊണ്ട ഏഷ്യാ കപ്പിലെ, ഫൈനല്‍ പോരാട്ടം തീപ്പാറുമെന്ന് ഉറപ്പിക്കാം. രണ്ട് തവണ ഇന്ത്യയ്ക്ക് മുന്നില്‍ വീണ പാകിസ്ഥാന് ജീവന്‍മരണ പോരാട്ടമായിരിക്കും ഫൈനല്‍.