CRICKET

ഏഷ്യാ കപ്പ്: ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം ഇന്ന്; ലിറ്റന്‍ ദാസിന്റെ പരിക്ക് ഇന്ത്യയ്ക്ക് ആശ്വാസമാകുമോ?

പാകിസ്ഥാനെതിരെ നേടിയ ജയം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഏഷ്യാ കപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുക. രാത്രി എട്ടിന് ദുബായിലാണ് മത്സരം.

ബൗളര്‍മാരെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുന്നതാണ് ടൂര്‍ണമെന്റിലുടനീളം കണ്ടത്. അപരാജിതരായി ഗ്രൂപ്പ് ഘട്ടം കടന്ന ഇന്ത്യ അവസാന രണ്ടിലിടം നേടാനാണ് ഇന്നിറങ്ങുക. പാകിസ്ഥാനെതിരെ നേടിയ ജയം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ മിന്നും ഫോമിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. അഭിഷേകിന്റെ കൂടാതെ ശുഭ്മാന്‍ ഗില്ലും ഫോമിലേക്കെത്തി. മധ്യനിരയില്‍ സഞ്ജുവും തിലക് വര്‍മ്മയും കൂടി കളം നിറഞ്ഞാല്‍ ബംഗ്ലാദേശ് കടമ്പ ഇന്ത്യക്ക് അനായാസം മറികടക്കാം.

ഗ്രൂപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ വീഴ്ത്തിയാണ് ബംഗ്ലാദേശിന്റെ വരവ്. മുസ്തഫിസുര്‍ റഹ്‌മാന്‍ നയിക്കുന്ന പേസ് നിരയാണ് ബംഗ്ലാദേശിന്റെ കരുത്ത്. നായകന്‍ ലിറ്റന്‍ ദാസിന്റെ പരിക്ക് ബംഗ്ലാദേശിന് ആശങ്കയാണ്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. 17 മത്സരങ്ങളില്‍ 16ലും ജയം ഇന്ത്യക്കായിരുന്നു. ഇന്ന് ജയിക്കുന്ന ടീമിന് ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം.

SCROLL FOR NEXT