ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി പാകിസ്ഥാന്‍; ലങ്കയെ തളച്ചത് രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ
ഏഷ്യാ കപ്പില്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി പാകിസ്ഥാന്‍. ശ്രീലങ്കയെ 5 വിക്കറ്റിന് തോല്‍പ്പിച്ച് സൂപ്പര്‍ ഫോറിലെ ആദ്യ ജയം സ്വന്തമാക്കി. രണ്ട് മത്സരം തോറ്റ ശ്രീലങ്ക ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി.
134 റണ്‍ വിജയ ലക്ഷ്യവുമായാണ് പാകിസ്ഥാന്‍ കളത്തിലേക്കിറങ്ങിയത്. രണ്ട് ഓവര്‍ ശേഷിക്കെ പാകിസ്ഥാന്‍ വിജയിച്ചു. 57 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ പാകിസ്ഥാനെ ഹുസൈന്‍ തലത്തും മുഹമ്മദ് നവാസുമാണ് ജയത്തിലേക്ക് എത്തിച്ചത്. ഹുസൈന്‍ 30 പന്തില്‍ 32 റണ്‍സും മുഹമ്മദ് നവാസ് 38 പന്തില്‍ 24 റണ്‍സുമാണ് എടുത്തത്.
ആദ്യ കളിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന് ഏഷ്യാ കപ്പില്‍ പ്രതീക്ഷ നല്‍കുന്ന വിജയമാണ് കഴിഞ്ഞ ദിവസത്തേത്. പാകിസ്ഥാന് വേണ്ടി ഷഹീദ് അഫ്രീദി മൂന്ന് വിക്കറ്റെടുത്തിരുന്നു.
ശ്രീലങ്കയാണ് ആദ്യം ടോസ് നേടി ക്രീസിലേക്കിറങ്ങിയത്. കളി തുടങ്ങി രണ്ടാം പന്തില്‍ ലങ്കയുടെ ആദ്യ വിക്കറ്റ് വീണു. കുശാല്‍ മെന്‍ഡിസ് പൂജ്യത്തിന് പുറത്തായി. പിന്നീട് അഫ്രീദിക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ച നിസ്സങ്കയും പുറത്തേക്ക്. കുശാല്‍ പെരേര (15), ചരിത് അസലങ്ക (20), ദസുന്‍ ഷനക (0) എന്നിവര്‍ക്കും പാക് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ അഞ്ചിന് 58 എന്ന നിലയിലായി ലങ്ക.
പിന്നാലെ വാനിന്ദു ഹസരങ്കയെ (15) അബ്രാര്‍ അഹമ്മദ് ബൗള്‍ഡാക്കി. ഇതോടെ ആറിന് 80 എന്ന നിലയിലായി. കരുണാരത്നെ - മെന്‍ഡിസ് സഖ്യം 43 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് നില മെച്ചപ്പെടുത്തിയത്. 19 -ാം ഓവറില്‍ മെഡിന്‍സും മടങ്ങി. ദുഷ്മന്ത ചമീര (1)യും പുറത്തായി. റണ്‍സ് നേടാതെ മഹീഷ് തീക്ഷണ പുറത്താകാതെ നിന്നു. അവസാന ഓവറില്‍ എട്ട് റണ്‍സാണ് ലങ്ക നേടിയത്.
ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ശ്രീലങ്ക രണ്ട് മാറ്റം വരുത്തി. ചാമിക കരുണാരത്നെ, മഹീഷ് തീക്ഷണ എന്നിവര്‍ ടീമിലെത്തി.