Source: PCB, BCCI
CRICKET

"ഏഷ്യ കപ്പ് തരാം, പക്ഷെ ഒരു കണ്ടീഷൻ"; ഇന്ത്യൻ ടീമിന് മുന്നിൽ നിബന്ധന വച്ച് പാക് മന്ത്രി

നാടകീയ രംഗങ്ങള്‍ അരങ്ങു തകർത്ത ഇന്ത്യ-പാക് പോരാട്ടത്തിന് പിന്നാലെയുണ്ടായ സംഭവങ്ങൾ ക്രിക്കറ്റ് ലോകത്ത് തന്നെ ആദ്യമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ലാഹോർ: ഏഷ്യ കപ്പ് ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചതിന് പിന്നാലെ നടന്ന ത്രില്ലർ സീനുകളിൽ ആകാംക്ഷ തുടരവെ ഒരു പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. നാടകീയ രംഗങ്ങള്‍ അരങ്ങു തകർത്ത ഇന്ത്യ-പാക് പോരാട്ടത്തിന് പിന്നാലെയുണ്ടായ സംഭവങ്ങൾ ക്രിക്കറ്റ് ലോകത്ത് തന്നെ ആദ്യമായിരുന്നു.

വിവാദങ്ങൾക്ക് കൂടെ സഞ്ചരിച്ച ഏഷ്യ കപ്പ് ടൂർണമെൻ്റിൻ്റെ ഫൈനലിൽ ഇന്ത്യയാണ് ജേതാക്കളായത്. ശേഷം നടന്ന പുരസ്കാര ദാന ചടങ്ങിൽ കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്‌വിയെ ഇന്ത്യന്‍ ടീം ബഹിഷ്‌കരിച്ചിരുന്നു.

കിരീടം നല്‍കാന്‍ നഖ്‌വി എത്തിയപ്പോള്‍ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് ഫോണില്‍ നോക്കിയും തമാശകള്‍ പറഞ്ഞും ഇരിക്കുന്ന ഇന്ത്യന്‍ ടീം താരങ്ങൾ മൊഹ്‌സിന്‍ നഖ്‌വിയെ മൈൻഡ് പോലും ചെയ്തില്ല. ഏറെ നേരത്തേ അനിശ്ചിതത്വത്തിന് ഒടുവിലാണ് അവാര്‍ഡ് വിതരണ ചടങ്ങ് ആരംഭിച്ചത്. നഖ്‌വിയില്‍ താരങ്ങള്‍ ട്രോഫി ഏറ്റുവാങ്ങിയതുമില്ല. എമിറേറ്റസ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂനിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നെങ്കിലും നഖ്‌വി അതിന് അനുവദിച്ചതുമില്ല.

ഇതിനിടയില്‍ ട്രോഫിയും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്‌വി വേദി വിട്ടു. ഇതോടെ ട്രോഫി ഇല്ലാതെയാണ് ഇന്ത്യന്‍ ടീം വിജയാഘോഷം നടത്തിയത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇന്ത്യയുടെ ട്രോഫിയില്ലാ സെലിബ്രേഷൻസ് വലിയ സ്വീകാര്യത നേടി.

ഏഷ്യ കപ്പിൻ്റെ ആശങ്കകൾ തുടരുമ്പോഴാണ് ഇന്ത്യയ്ക്ക് മുന്നിൽ നിബന്ധന വച്ച് കൊണ്ടുള്ള നഖ്‌വിയുടെ വാർത്തകൾ വരുന്നത്. "കപ്പും തരാം.. മെഡലും തരാം, പക്ഷെ അതിന് കണ്ടീഷൻ," എന്നാണ് നഖ്‌വിയുടെ പരാമർശം. ഒരു പൊതു പരിപാടി സംഘടിപ്പിച്ച് അതിൽ വച്ച് മാത്രമേ കപ്പ് കൈമാറാൻ സാധിക്കൂ എന്ന് നഖ്‌വി ഇന്ത്യൻ ടീം ഓർഗനൈസർമാരുമായി സംസാരിച്ചുവെന്നും ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസിനെ ഉദ്ധരിച്ച് എൻഡിടി റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ അത്തരം ഒരു സാധ്യത വളരെ വിരളമാണെന്നിരിക്കെ എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകരും.

അതേസമയം, നഖ്‌വിയുടെ നടപടിയെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വിമര്‍ശിച്ചിരുന്നു. വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും നല്‍കാതെ അതും എടുത്ത് പോയ നഖ്‌വിയുടെ നടപടിയെയാണ് സൈകിയ വിമര്‍ശിച്ചത്. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്ന രാജ്യത്തിൻ്റെ നേതാവില്‍ നിന്നും ട്രോഫി സ്വീകരിക്കാൻ ആകില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.

"അതിനര്‍ത്ഥം ഞങ്ങള്‍ക്ക് അവകാശപ്പെട്ട ട്രോഫിയും മെഡലുകളുമായി ആ മാന്യന് സ്വന്തം ഹോട്ടല്‍ മുറിയിലേക്ക് പോകാം എന്നല്ല. ഇതൊരിക്കലും അംഗീകരിക്കാനാകുന്നതല്ല. അദ്ദേഹത്തിന് ബോധം തിരിച്ചുവന്നാല്‍ എത്രയും വേഗം ട്രോഫി ഇന്ത്യക്ക് തിരിച്ചു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഖ്‌വിയില്‍ നിന്ന് അത്രയെങ്കിലും പ്രതീക്ഷിക്കുന്നു," സൈകിയ പറഞ്ഞു.

SCROLL FOR NEXT